| Wednesday, 23rd September 2026, 10:48 am

യുവേഫ നേഷന്‍സ് ലീഗില്‍ നിന്നും ഇസ്രഈലിനെ വിലക്കണം: ആംനസ്റ്റി ഇന്റര്‍നാഷണല്‍

ദേവിക ജയചന്ദ്രന്‍

ലണ്ടണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ നിന്നും ഇസ്രഈലിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍.

ഫലസ്തീന്‍ ജനതയോടും, മനുഷ്യാവകാശങ്ങളോടും, ഫുട്‌ബോളിന്റെ തന്നെ നിയമങ്ങളോടുമുള്ള വഞ്ചനയാണ് ഇതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ യൂറോപ്യന്‍ റീജിയണല്‍ ഡയറക്ടര്‍ സ്റ്റീവ് കോക്‌ബേണ്‍ പറഞ്ഞു.

‘അനധികൃത കുടിയേറ്റങ്ങളെ ഇസ്രഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്തുണയ്ക്കുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇസ്രഈല്‍ ഫുട്‌ബോള്‍ ടീം നേഷന്‍സ് ലീഗില്‍ പങ്കെടുക്കുന്നത് തികച്ചും ന്യായീകരിക്കാനാവാത്ത കാര്യമാണ്’, ആംനസ്റ്റി വക്താവ് പറഞ്ഞു.

‘അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രഈലിന്റെ നിയമവിരുദ്ധമായ കൈയ്യേറ്റത്തിനും ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കേണ്ടതിനു പകരം, യുവേഫ ഇസ്രഈലിന് ഒരു അന്താരാഷ്ട്ര വേദി ഒരുക്കുകയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലങ്ങള്‍ക്ക് മുന്നേ തന്നെ ഇസ്രഈലിനെ യുവേഫയും ഫിഫയും വിലക്കേണ്ടതായിരുന്നുവെന്നും ഫലസ്തീനിലെ ആള്‍ക്കാരുടെ മനുഷ്യാവകാശലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്നും സ്റ്റീവ് കോക്‌ബേണ്‍ പറഞ്ഞു.

ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന ഭരണകൂടങ്ങള്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഒരു പ്രദര്‍ശനവേദിയായി കായികരംഗത്തെ ഒരിക്കലും ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 6 വരെ നടക്കുന്ന യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പുഘട്ട മത്സരങ്ങളില്‍ ഗ്രൂപ്പ് ബി-യില്‍ അംഗമാണ് ഇസ്രഈല്‍. അയര്‍ലന്റുമായാണ് ഇസ്രഈലിന്റെ ആദ്യമത്സരം.

അയര്‍ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഇസ്രഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യുവേഫയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരം നിഷ്പക്ഷവേദിയില്‍ കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങള്‍ നടത്താന്‍ യുവേഫ തീരുമാനിക്കുകയായിരുന്നു. ഹംഗറിയും സെര്‍ബിയയുമാണ് വേദികള്‍.

ഇസ്രഈല്‍ കൈയേറിയ പ്രദേശങ്ങളില്‍ നിന്നുമുള്ള ക്ലബ്ബുകളെ പൂര്‍ണമായും ഒഴിവാക്കുന്നത് വരെ ഇസ്രഈല്‍ ഫുട്‌ബോള്‍ അസോസിയേഷനെ വിലക്കണമെന്ന് 2025 ഒക്ടോബറില്‍ ആംനസ്റ്റി ഇന്റര്‍നാഷനണല്‍ യുവേഫയ്ക്കും ഫിഫയ്ക്കും കത്തെഴുതിയിരുന്നു.

2026 മാര്‍ച്ചില്‍ ഇസ്രഈല്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ നടപടികള്‍ എടുക്കില്ലെന്ന് ഫിഫ അറിയിച്ചിരുന്നു. ഇത് ഇസ്രഈല്‍ നടത്തുന്ന അനധികൃത കൈയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അഭിപ്രായപ്പെട്ടു.

Content Highlight:  Israel’s participation in the UEFA Nations League is a betrayal of Palestinians, football’s own rules and human rights; Amnesty International

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more