| Thursday, 27th August 2026, 12:31 pm

'ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇപ്പോഴും ഫലസ്തീനികളെ കൊല്ലുന്നു': യു.എസ് ഉദ്യോഗസ്ഥന്‍

അഞ്ജു ചന്ദ്രന്‍

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രഈല്‍ തുടരുന്ന സൈനിക ആക്രമണങ്ങളെ വിമര്‍ശിച്ച് ട്രംപ് ഭരണകൂടത്തിന്റെ ഗസ വെടിനിര്‍ത്തല്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നിക്കോളായ് മ്ലാഡെനോവ്. യുദ്ധബാധിത ഫലസ്തീന്‍ പ്രദേശത്തിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിക്കുകയും യു.എസ് നിര്‍ദേശത്തിന് ബദല്‍ അടുത്തയുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി യോഗത്തിലാണ് അദ്ദേഹം ഇസ്രഈലിന്റെ നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ചത്. ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ചര്‍ച്ചകളില്‍ കുടുങ്ങിക്കിടക്കുകയല്ലെന്നും അത് നടപ്പാക്കലിന്റെ ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്നും മ്ലാഡെനോവ് പറഞ്ഞു.

പദ്ധതിയുടെ പ്രധാന ഭാഗമായ ഹമാസിന്റെ നിരായുധീകരണത്തിനും ഗസയുടെ ഭരണച്ചുമതല സിവിലിയന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനും പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുന്നതായി മ്ലാഡെനോവ് ചൂണ്ടിക്കാട്ടി.

വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ആക്രമണങ്ങള്‍ തുടരുന്നത് ഗസയിലെ ജനങ്ങള്‍ക്ക് യുദ്ധം അവസാനിച്ചുവെന്ന തോന്നല്‍ പോലും ഉണ്ടാകാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് പൂര്‍ണമായി ആയുധം ഉപേക്ഷിക്കുന്നതുവരെ ഗസയില്‍നിന്ന് ഇസ്രഈല്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഇസ്രഈല്‍.

ട്രംപ് പദ്ധതിയുടെ വിജയത്തിന് ഹമാസിന്റെ നിരായുധീകരണം അനിവാര്യമാണെന്നും ഇസ്രഈല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ഇതാണ് സമാധാന പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന തര്‍ക്കങ്ങളിലൊന്ന്.

ഗസയിലെ ആക്രമണങ്ങളും ഹമാസിന്റെ നിരായുധീകരണവും സംബന്ധിച്ച വ്യത്യസ്ത നിലപാടുകള്‍ക്കിടയില്‍ ട്രംപ് ഭരണകൂടത്തിന്റെ സമാധാന പദ്ധതി യാഥാര്‍ഥ്യത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് മ്ലാഡെനോവിന്റെ ഈ വിമര്‍ശനം പുറത്തുവന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: ‘Israel’s ongoing attacks continue to kill Palestinians’: US official speaks out against Israel.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more