| Tuesday, 7th October 2025, 12:51 pm

ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് കൂട്ടക്കൊല; ആയുധമെത്തിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും ചോദ്യമുയരണം: വത്തിക്കാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാൻ സിറ്റി: ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലയെ അപലപിച്ച് വത്തിക്കാൻ. ഗസയിൽ ഇസ്രഈൽ നടത്തുന്നത് കൂട്ടക്കൊലയാണെന്നും ഇസ്രഈലിൽ ഹമാസ് നടത്തിയ ആക്രമണം മനുഷ്യത്വരഹിതവും പ്രതിരോധിക്കാൻ കഴിയാത്തതുമായിരുന്നെന്നും വത്തിക്കാൻ ഉന്നത നയതന്ത്രജ്ഞൻ കർദിനാൾ പിയട്രോ പരോളിൻ പറഞ്ഞു.

ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്നും പ്രതിരോധിക്കാൻ കഴിയാത്ത ജനതയെയാണ് ഇസ്രഈൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രഈൽ ഗസ യുദ്ധത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ പത്രമായ എൽ ഒസെർവറ്റോർ റൊമാനോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ഹമാസിനെ ലക്ഷ്യം വെച്ചുള്ള ഇസ്രഈലിന്റെ ആക്രമണം നിരായുധരായ സാധാരണക്കാരുടെ ജീവിതത്തെയാണ് ഇല്ലാതാക്കുന്നത്. ഫലസ്തീൻ രാഷ്ട്രത്തിന്റെ രൂപീകരണത്തെ തടയുന്ന ഇസ്രഈലിന്റെ പ്രവൃത്തികളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വത്തെയും അദ്ദേഹം വിമർശിച്ചു. കൂട്ടക്കൊല തടയാൻ ലോക രാജ്യങ്ങൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും ഗസയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് സ്വീകരിക്കുകയില്ലെന്നും അത് തുടരാൻ അനുവദിക്കില്ലെന്നും പരോളിൻ പറഞ്ഞു.

ആയുധങ്ങൾ വിതരണം ചെയ്യുന്നതിലും ചോദ്യങ്ങൾ ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീൻ രാഷ്ട്രം ഒരു തരത്തിലും മറ്റുള്ളവർക്ക് ഭീഷണി ഉയർത്തുന്നില്ലെന്നും അയൽ രാജ്യങ്ങളുമായി സമാധാനപരമായി സഹവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും ദ്വിരാഷ്ട്ര പരിഹാരം നിർബന്ധമാക്കണമെന്നും പരോളിൻ പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തിയ സമാധാന കരാറിനെയും കർദ്ദിനാൾ പരോളിൻ സ്വാഗതം ചെയ്തു

‘ബന്ദികളെ മോചിപ്പിക്കാനും ഫലസ്തീൻ ജനതയെ അവരുടെ ഭാവി തീരുമാനങ്ങളിൽ ഉൾപ്പെടുത്താനും കൂട്ടക്കൊല അവസാനിപ്പിക്കാൻ സഹായിക്കുന്നതുമായ ഏതൊരു പദ്ധതിയെയും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ എന്നിവ ഉൾക്കൊള്ളുന്ന സ്വതന്ത്രവും, പരമാധികാരവും, ജനാധിപത്യപരവുമായ ഒരു രാഷ്ട്രമായി ഫലസ്തീനെ പത്ത് വർഷം മുമ്പ് വത്തിക്കാൻ അംഗീകരിച്ചിരുന്നെന്നും കർദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി.

Content Highlight: Israel’s massacre in Gaza is a genocide; questions should also be raised against countries supplying weapons: Vatican

We use cookies to give you the best possible experience. Learn more