| Monday, 6th July 2026, 10:54 am

ഇറാന്‍ മിസൈലുകളെ തകര്‍ക്കാന്‍ യു.എ.ഇയില്‍ ഇസ്രഈലിന്റെ അയണ്‍ ഡോം; സ്ഥിരീകരണവുമായി മന്ത്രി

ആദർശ് എം.കെ.

ടെല്‍ അവീവ്: യു.എ.ഇയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ എമിറേറ്റ്‌സിനെ സഹായിക്കാന്‍ ഇസ്രഈല്‍ തങ്ങളുടെ അയേണ്‍ ഡോം സംവിധാനവും ഡസന്‍ കണക്കിന് സൈനികരെയും അബുദാബിയിലേക്ക് അയച്ചതായി ഔദ്യോഗിക സ്ഥിരീകരണം.

ഇസ്രഈല്‍ ഗതാഗത മന്ത്രി മിരി റെഗെവ് ആണ് ഞായറാഴ്ച ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയത്.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് അയണ്‍ ഡോം ബാറ്ററികളും ഇന്റര്‍സെപ്റ്ററുകളും യു.എ.ഇയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.

ഇതാദ്യമായാണ് ഇസ്രഈലിനും അമേരിക്കയ്ക്കും പുറമെ ഒരു രാജ്യം അയണ്‍ ഡോം സംവിധാനം യുദ്ധമുഖത്ത് പ്രവര്‍ത്തനക്ഷമമായി ഉപയോഗിക്കുന്നത്. സിംഗപ്പൂര്‍ ഈ സംവിധാനം വാങ്ങിയതായും റൊമാനിയ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

യു.എ.ഇയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ട ഡസന്‍ കണക്കിന് മിസൈലുകളെ ഈ സംവിധാനം വിജയകരമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യുദ്ധസമയത്ത് ഇസ്രഈലിനേക്കാള്‍ നൂറുകണക്കിന് ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ആയിരക്കണക്കിന് ഡ്രോണുകളും ഇറാന്‍ യു.എ.ഇയിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പ്രയോഗിച്ചിരുന്നു.

ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനായി അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് തെക്കന്‍ ഇറാനിലെ മിസൈല്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

2020ലെ അബ്രഹാം ഉടമ്പടിക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക-രഹസ്യാന്വേഷണ സഹകരണം വര്‍ധിച്ചതായും ഈ യുദ്ധത്തോടെ അത് പുതിയ തലത്തിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, ഇസ്രഈല്‍ സൗദി അറേബ്യയുമായും വ്യോമ പ്രതിരോധ മേഖലയില്‍ സഹകരിക്കുന്നുണ്ടെങ്കിലും, അവര്‍ക്ക് ഇത്തരത്തില്‍ ഒരു പ്രതിരോധ സംവിധാനം നല്‍കിയതായി റിപ്പോര്‍ട്ടുകളില്ല.

Content Highlight: Israel’s Iron Dome in UAE to intercept Iranian missiles; Minister confirms.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more