| Tuesday, 3rd March 2026, 3:20 pm

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗസയില്‍ വീണ്ടും ഉപരോധം; പട്ടിണി മരണത്തിന്റെ വക്കിലെന്ന് മുന്നറിയിപ്പ്

യെലന കെ.വി

ഗസ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഗസയിലേക്കുള്ള എല്ലാ അതിര്‍ത്തികളും ഇസ്രഈല്‍ അനിശ്ചിതകാലത്തേക്ക് അടച്ചു.
ഇതോടെ ഏകദേശം 20 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ കൊടിയ പട്ടിണിയിലേക്കും പുതിയൊരു ഭക്ഷ്യ പ്രതിസന്ധിയിലേക്കും നീങ്ങുകയാണ്.

നിലവില്‍ ഗസയുടെ 60 ശതമാനത്തോളം ഭാഗവും ഇസ്രഈല്‍ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഗസയില്‍ ബാക്കിയുള്ള ഭക്ഷ്യ ശേഖരം ഈ ആഴ്ചയോടെ തീരുമെന്ന് ദുരിതാശ്വാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഓരോ ദിവസവും പത്തു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം എത്തിക്കുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ എന്ന സംഘടന, അതിര്‍ത്തികള്‍ തുറന്നില്ലെങ്കില്‍ ഈ ആഴ്ച പകുതിയോടെ തങ്ങളുടെ പക്കലുള്ള ഭക്ഷ്യവസ്തുക്കള്‍ പൂര്‍ണമായും തീരുമെന്ന് വ്യക്തമാക്കി. സംഘടനയുടെ സ്ഥാപകന്‍ ഹോസെ ആന്‍ഡ്രെസ് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചു.

ഗസയിലെ ബേക്കറികളില്‍ ഇനി പത്തു ദിവസത്തേക്കുള്ള മാവ് മാത്രമേ ബാക്കിയുള്ളൂവെന്നും അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രഈല്‍ ഇറാനെ ആക്രമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഗസയിലെ വിപണികളില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് ജനങ്ങള്‍. ഇതേത്തുടര്‍ന്ന് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.

കഴിഞ്ഞ ആഴ്ച 30 ഷെക്കല്‍ ആയിരുന്ന 25 കിലോ മാവിന്റെ വില ഇപ്പോള്‍ 100 ഷെക്കലിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പഞ്ചസാര, പാചക എണ്ണ, ഡയപ്പര്‍ തുടങ്ങിയവയുടെ വിലയും ഇരട്ടിയായി. യുദ്ധത്തേക്കാള്‍ പട്ടിണിയെയാണ് തങ്ങള്‍ ഭയപ്പെടുന്നതെന്ന് ഗസയിലെ സാധാരണക്കാര്‍ പറയുന്നു. പല കുടുംബങ്ങള്‍ക്കും ഉയര്‍ന്ന വില നല്‍കി സാധനങ്ങള്‍ വാങ്ങാനുള്ള ശേഷിയില്ലാത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗസയുടെ നിയന്ത്രണം കൈയ്യാളുന്ന ശക്തിയെന്ന നിലയില്‍ അവിടുത്തെ പൗരന്‍ന്മാര്‍ക്ക് ആവശ്യമായ ഭക്ഷണം ഉറപ്പാക്കാന്‍ ഇസ്രഈലിന് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സില്‍ മേധാവി ജാന്‍ എഗെലാന്‍ഡ് പറഞ്ഞു.

സുരക്ഷാ കാരണങ്ങളാലാണ് അതിര്‍ത്തികള്‍ അടച്ചതെന്നാണ് ഇസ്രായേല്‍ ഏജന്‍സിയായ കോഗാന്റിന്റെ പക്ഷം. എന്നാല്‍ അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് കെരേം ഷാലോം അതിര്‍ത്തി വഴി പരിമിതമായ തോതില്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രഈല്‍ ഉടന്‍ അനുമതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

content highlight: Israel’s Iran war brings new Gaza siege

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more