| Sunday, 31st May 2026, 7:12 am

ഗസയുടെ 70 ശതമാനം പിടിച്ചടക്കുമെന്ന ഇസ്രഈല്‍ പ്രഖ്യാപനം: യുദ്ധവ്യാപനമെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ്

ആദര്‍ശ് എം.കെ.

ഗസ സിറ്റി: ഗസയുടെ 70 ശതമാനം പ്രദേശവും സൈനിക നിയന്ത്രണത്തിലാക്കുമെന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി ഹമാസ്.

ഇസ്രഈലിന്റെ ഈ നീക്കം നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും യുദ്ധവ്യാപനത്തിന് കാരണമാകുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.

ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്തിരിയുകയാണെന്നും ഇത് ഗസയിലെ ജനങ്ങളെ വന്‍തോതില്‍ കുടിയിറക്കുന്നതിന് തുല്യമാണെന്നും ഹമാസ് വക്താവ് ഹാസിം ഖാസിം കുറ്റപ്പെടുത്തി.

ഗസയില്‍ പുതിയ അധിനിവേശം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു നീക്കവും നിയമവിരുദ്ധവും അസാധുവുമാണെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്മായില്‍ അല്‍ തവാബത വ്യക്തമാക്കി.

ഗസയെ വീണ്ടും ഒരു ചോരത്തുരുത്താക്കി മാറ്റുന്നതാണ് ഇസ്രഈലിന്റെ ഈ പ്രഖ്യാപനമെന്ന് ഹമാസ് കൂട്ടിച്ചേര്‍ത്തു.

2025 ഒക്ടോബര്‍ 10ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനെ അട്ടിമറിക്കുന്ന പ്രസ്താവനകളാണ് ഇസ്രഈലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി അന്താരാഷ്ട്ര മധ്യസ്ഥരുമായി ഹമാസ് ആശയവിനിമയം നടത്തിവരികയാണ്. എന്നാല്‍ ഇസ്രഈലിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ സമാധാന ചര്‍ച്ചകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ഹാസിം ഖാസിം പറഞ്ഞു.

ഈ വിഷയത്തില്‍ മധ്യസ്ഥര്‍ വ്യക്തവും നിര്‍ണായകവുമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗസ പദ്ധതിയനുസരിച്ച് ഇസ്രാഈല്‍ ഗസയില്‍ നിന്ന് പിന്മാറേണ്ടതായിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

നിലവില്‍ ഗസയുടെ നിയന്ത്രണം 70 ശതമാനമായി ഉയര്‍ത്താനാണ് തന്റെ നിര്‍ദേശമെന്നാണ് നെതന്യാഹു ചാനല്‍ 12ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മുഴുവന്‍ ഗാസയും പിടിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ‘നമുക്ക് ക്രമമായി തുടങ്ങാം, ആദ്യം 70 ശതമാനം’ എന്നയിരുന്നു നെതന്യാഹുവിന്റെ മറുപടി.

ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 53 ശതമാനം സ്ഥലത്ത് മാത്രം നിയന്ത്രണമുണ്ടായിരുന്ന ഇസ്രഈല്‍ ഇതിനകം തന്നെ അത് 64 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഗസയിലെ 20 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ കൂടുതല്‍ ചെറിയ പ്രദേശങ്ങളിലേക്ക് ആട്ടിപ്പായിക്കുന്നതാണ് ഇസ്രഈലിന്റെ പുതിയ നീക്കമെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം മാത്രം ഇസ്രായേല്‍ നടത്തിയ കരാര്‍ ലംഘനങ്ങളില്‍ 929 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 2,811 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Israel’s announcement to seize 70 percent of Gaza: Hamas warns of war escalation and strong retaliation

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more