| Saturday, 14th June 2025, 6:55 am

ഇസ്രഈലിന്റെ പ്രവൃത്തികള്‍ ലോകസമാധാനത്തെ തകര്‍ക്കുന്നത്; ലോകരാഷ്ട്രങ്ങള്‍ മൗനം പാലിക്കുന്നു: സാദിഖലി ശിഹാബ് തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അന്താരാഷ്ട്ര മര്യാദകള്‍ക്കെതിരെയാണ് ഇസ്രഈല്‍ പ്രവര്‍ത്തിക്കുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രഈലിന്റെ പ്രവൃത്തികള്‍ ലോകസമാധാനത്തെ തകര്‍ക്കുന്നതാണെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. ഇസ്രഈലിന്റെ രൂപീകരണം പോലും ലോക സമാധാനത്തിന് ഭീഷണിയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഫലസ്തീനില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ഇസ്രഈല്‍ ആക്രമണം നടത്തുകയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നടപടികളാണ് ഇസ്രഈലിന്റെതാണ്. അന്യായമായി മറ്റൊരു രാജ്യത്തേക്ക് കടന്ന് ആക്രമണം നടത്തുന്നത് തടയുന്ന അന്താരാഷ്ട്ര നിയമത്തെ ഇസ്രഈല്‍ നിരന്തരമായി ലംഘിച്ചിട്ടും ലോകരാഷ്ട്രങ്ങള്‍ മൗനം പാലിക്കുകയാണെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ (വെള്ളി) പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇറാനെ ഇസ്രഈല്‍ ആക്രമിച്ചത്. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്. അതേസമയം നൂറോളം ഡ്രോണുകള്‍ വിക്ഷേപിച്ച് ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു.

ഇതിനിടെ ഇറാന്‍ ആണവ കരാറിന് തയ്യാറായില്ലെങ്കില്‍ ഇസ്രഈലിന്റെ ആക്രമണം ഇതിലും ശക്തമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ രാത്രിയോടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം ഇസ്രഈല്‍ ആക്രമണമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം യു.എസിനും ഉണ്ടാകുമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് യു.എസ് സ്റ്റേറ്റ് പ്രസിഡന്റ് മാര്‍ക്കോ റൂബിയോ മറുപടി നല്‍കിയത്. യു.എസ് പൗരന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തരുതെന്നും റൂബിയോ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

നിലവില്‍ ഇറാനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വെസ്റ്റ് ബാങ്കിലുടനീളമുള്ള ഫലസ്തീന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രഈല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.

എല്ലാ ചെക്ക്പോസ്റ്റുകളും അടച്ചിട്ടിരിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ അല്‍-അഖ്സയിലേക്കുള്ള പ്രവേശനവും ഇസ്രഈല്‍ സൈന്യം പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

Content Highlight: Israel’s actions are destroying world peace; world nations are remaining silent: Sadik ali Shihab Thangal

We use cookies to give you the best possible experience. Learn more