| Saturday, 11th April 2026, 2:04 pm

ഇറാനിൽ ഇതുവരെ പ്രയോഗിച്ചത് 18000 ബോംബുകൾ; വെളിപ്പെടുത്തലുമായി ഇസ്രഈൽ

മുഹമ്മദ് നബീല്‍

ടെൽ അവീവ്: ഇറാനെതിരായുള്ള ഇസ്രഈൽ – അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇതുവരെ 18000 ബോംബുകൾ പ്രയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ഇസ്രഈൽ.

ആക്രമണം ആരംഭിച്ച ഫെബ്രുവരി 28 മുതലുള്ള 40 ദിവസത്തെ കണക്കാണിത്.

10800 ലധികം വ്യോമാക്രമണങ്ങൾ നടത്തിയതായും 4000 ലക്ഷ്യസ്ഥാനങ്ങളെ തകർത്തതായും സൈന്യം അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തിവിട്ടിട്ടില്ല.

മുമ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഓരോ വ്യോമാക്രമണത്തിലും ഡസൻ കണക്കിന് യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.

5000 ത്തിലധികം കെട്ടിടങ്ങൾ ഇറാനിൽ തകർക്കപ്പെട്ടുവെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.

ഇറാനും ലെബനനുമെതിരായുള്ള 40 ദിവസത്തെ യുദ്ധത്തിന് ഏകദേശം 1.46 ലക്ഷം കോടി രൂപ ചിലവ് വരുമെന്ന് ഇസ്രായേൽ ധനകാര്യ മന്ത്രാലയം കണക്കാക്കിയതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു.

യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് സാമ്പത്തിക പ്രതിസന്ധിനേരിടുന്നതിനാൽ പ്രത്യേക യുദ്ധകാല ബജറ്റ് ആവശ്യമാണെന്ന് ഇസ്രഈൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു മുമ്പ് പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരി 28 ന് ഇറാനെതിരെ അമേരിക്കയും ഇസ്രഈലും ആരംഭിച്ച ആക്രമണങ്ങൾ 40 ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിലേക്ക് കടന്നിരിക്കുകയാണ്.

എന്നാൽ ലെബനന് നേരെയുള്ള ഇസ്രഈൽ ആക്രമണം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഈ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ പറഞ്ഞെങ്കിലും ലെബനൻ കരാറിൽ ഉൾപ്പെടില്ലെന്നായിരുന്നു ഇസ്രഈലിന്റെ വിശദീകരണം.

ലെബനനിലെ ആക്രമണങ്ങളിൽ ഐക്യരാഷ്ട്ര സഭയും, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചിരുന്നു.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനും മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനും വേണ്ടി ഇന്ന് പാകിസ്ഥാനിൽ ഉപയകക്ഷി ചർച്ച നടക്കും.

Content Highlight: Israel reveals 18,000 bombs dropped on Iran

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more