| Tuesday, 18th March 2025, 10:27 am

ഗസയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രഈല്‍; 100ലേറെ മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഒരിടവേളയ്ക്ക് ശേഷം ഗസയില്‍ വീണ്ടും ആക്രമണം പുനരാരംഭിച്ച് ഇസ്രഈല്‍. വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കവെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്.

വ്യോമാക്രമണത്തില്‍ ഗസയിലുടനീളം 100 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ സിറ്റി, ഡെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈല്‍ നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമായിരുന്നു ഇത്.

മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രഈലിന്റെ വിശദീകരണം.

ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രഈല്‍ ട്രംപ് ഭരണകൂടവുമായി കൂടിയാലോചന നടത്തിയതായി വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് മാര്‍ച്ച് ഒന്നിനാണ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചത്. രണ്ടാം ഘട്ടത്തിനായി ഗസയില്‍ തടവിലാക്കപ്പെട്ട 59 ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഇസ്രഈലും ഹമാസും തമ്മില്‍ ആഴ്ചകളായി ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയം കണ്ടിരുന്നില്ല.

യു.എസ് പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിട്ടും ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിച്ചതാണ് കരാര്‍ വിജയിക്കാന്‍ കാരണമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആരോപിക്കുന്നത്. എന്നാല്‍ ഗസയില്‍ നിന്ന ഇസ്രഈല്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്നാണ് ഹമാസിന്റെ ആവശ്യം.

കരാറില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ സൈനിക നടപടി പുനരാരംഭിക്കുമെന്ന് നെതന്യാഹു ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ആദ്യ പടിയെന്നോണം ഈ മാസം ആദ്യം, ഹമാസിനെ സമ്മര്‍ദത്തിലാക്കാന്‍ ഗസയിലേക്കുള്ള എല്ലാ ഭക്ഷണ, സഹായ വിതരണങ്ങളും ഇസ്രഈല്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 48,000 ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിന് പുറമെ ഗസയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും നശിക്കുകയും ഏകദേശം 2.3 ദശലക്ഷം ജനങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാവുകയും ചെയ്തു.

Content Highlight: Israel restarts airstrike on  Gaza; Death toll rises to 100

We use cookies to give you the best possible experience. Learn more