ടെല്‍ അവീവ്: ഇറാന്‍ ആക്രമണത്തിന് മുമ്പ് ഇസ്രഈലിന് യു.എസ് രഹസ്യമായി നൂറോളം മിസൈലുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്. രഹസ്യമായി ഹെല്‍ഫയര്‍ മിസൈലുകള്‍ ഇസ്രഈലിന് കൈമാറിയതായാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തിന് മുന്നോടിയായി ചൊവ്വാഴ്ചയാണ് മിസൈലുകള്‍ കൈമാറിയതെന്നാണ് വിവരം. 300 ഹെല്‍ഫയര്‍ മിസൈലുകളുടെ വലിയ ശേഖരണമാണ് ഇസ്രഈലിന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.
ഈസ്രഈലിലേക്കുള്ള ഇറാന് മിസൈലുകള്‍ വെടിവെച്ച് വീഴ്ത്താന്‍ യു.എസ് സൈന്യം സഹായിച്ചെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത രണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഇസ്രഈലുമായി ആയുധ കൈമാറ്റം നടത്തിയ യു.എസിന് ഇസ്രഈല്‍ ഇറാനില്‍ നടത്തിയ ആക്രമണം നേരത്തെ അറിയാമായിരുന്നുവെന്ന് യു.എസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടിലധികം ദിവസമായി പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇസ്രഈലില്‍ എട്ട് മരണവും ഇറാനില്‍ 80 മരണവുമുണ്ടായിട്ടുണ്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ഏകദേശം 300ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐ.ആര്‍.ജി.സി മേധാവി ഹുസൈന്‍ സലാമി ഉള്‍പ്പെടെയാണ് ഇറാനില്‍ കൊല്ലപ്പെട്ടത്.
ഐ.ആര്‍.ജി.സി ആസ്ഥാനത്തുണ്ടായ ആക്രമണത്തിലാണ് മേജര്‍ കൊല്ലപ്പട്ടത്. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും അറിയിച്ചിരുന്നു. പിന്നാലെ ഇസ്രഈലിലെ പ്രധാന നഗരങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നിരുന്നു.
ഇസ്രഈലിലെ പ്രധാന നഗരങ്ങളായ ടെല്‍ അവീവ്, അധിനിവേശ ജെറുസലേം, അല്‍-കുദ്‌സ്, ടിബീരിയാസ്, ഹൈഫ, ബീര്‍ഷെബ തുടങ്ങിയ സ്ഥലങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഇറാനിലെ മുഴുവന്‍ വ്യോമകേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. ഇസ്രഈല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ആവര്‍ത്തിച്ചിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് ഷഹ്റാനിലെ എണ്ണ സംഭരണ കേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.. എണ്ണ സംഭരണ കേന്ദ്രം ഇസ്രഈല്‍ തകര്‍ത്ത വിവരം ഇറാനും സ്ഥിരീകരിച്ചിരുന്നു. ഇസ്രഈല്‍ നഗരങ്ങളായ ഹൈഫയിലടക്കം ഇറാന്‍ ആക്രമണം ശക്തമാക്കിയതിന്റെ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഹൈഫയിലെ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.
Conrtent Highlight: Israel reportedly received help in attack on Iran