| Sunday, 12th April 2026, 10:37 am

ഇസ്രഈലിനെതിരെ നയതന്ത്രയുദ്ധം നടത്തുന്നുവെന്ന് ആരോപണം; സ്‌പെയിനിനെ ഗസ ഏകോപനസമിതിയില്‍ നിന്നും പുറത്താക്കി

അശ്വിന്‍ രാജേന്ദ്രന്‍

ഗസ വെടിനിര്‍ത്തല്‍ കരാറിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള ഏകോപനസമിതിയില്‍ നിന്നും സ്‌പെയിനിനെ പുറത്താക്കി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലുമായുള്ള മുഴുവന്‍ വാണിജ്യ കരാറുകളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്മാറണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ നടപടി.

സ്‌പെയിന്‍ തങ്ങള്‍ക്കെതിരെ നയതന്ത്രയുദ്ധം നടത്തുന്നുവെന്നും രാജ്യത്തെ ആക്രമിക്കുന്നവര്‍ക്കെതിരെ നിശബ്ദരായി ഇരിക്കില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു ഇസ്രഈലിന്റെ നടപടി. 2023 ല്‍ ഗസ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ വിള്ളല്‍ വീണ സ്‌പെയിന്‍-ഇസ്രാഈല്‍ ബന്ധത്തെ കൂടുതല്‍ വഷളാക്കുന്നതാണ് ഈ നീക്കം.

‘ഇസ്രഈലിനെ നിരന്തരം എതിര്‍ക്കുകയും ഐ.ഡി.എഫിനെ (ഇസ്രഈല്‍ മിലിട്ടറി) അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതാണ് സ്‌പെയിനിന്റെ പ്രവര്‍ത്തികള്‍. അതുകൊണ്ട് തന്നെ സ്‌പെയിനിനെ കിരാത് ഗാത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏകോപനസമിതിയുടെ അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ഞാന്‍ നിര്‍ദേശിക്കുന്നു,’ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ നെതന്യാഹു പറഞ്ഞു.

ഗസ. Photo: NPR

2023 ല്‍ ഇസ്രാഈല്‍ ഫലസ്തീനില്‍ വംശഹത്യ ആരംഭിച്ചതുമുതല്‍ നെതന്യാഹുവിനെതിരെ സാഞ്ചസിന്റെ നേതൃത്ത്വത്തിലുളള ഇടതുപക്ഷ ഗവണ്‍മെന്റ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. 2024 ല്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി സ്‌പെയിന്‍ അംഗീകരിക്കുകയും ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങളെ അപലപിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 28 ന് ഇസ്രഈലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനെതിരെയും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തികൊണ്ട് ഇസ്രഈല്‍ ലെബനനില്‍ നടത്തുന്ന ആക്രമണത്തിനെതിരെയും സ്‌പെയിന്‍ ശബ്ദമുയര്‍ത്തിരുന്നു. ഇറാന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന യു.എസ് യുദ്ധവിമാനങ്ങള്‍ക്ക് സ്‌പെയിനിന്റെ വ്യോമപാത വിട്ടുനല്‍കില്ലെന്ന് സാഞ്ചസ് വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ഏകോപനസമിതി രൂപീകരിച്ചത്. ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ചുനല്‍കുന്നതും വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നതും ഈ സമിതിയുടെ മേല്‍നോട്ടത്തിലാണ്.

Content Highlight: Israel removes Spain out of Gaza co ordination center

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more