| Tuesday, 23rd June 2026, 9:56 pm

അമേരിക്ക-ഇറാന്‍ ചര്‍ച്ചകളില്‍ ഇസ്രഈല്‍ ഭാഗമല്ല; ഹിസ്ബുല്ലയെ പൂര്‍ണമായും തകര്‍ക്കുന്നത് വരെ ആക്രമണമെന്ന് ഇസ്രഈല്‍

ആദര്‍ശ് എം.കെ.

ടെല്‍ അവീവ്: അമേരിക്കയും ഇറാനും തമ്മില്‍ നടത്തുന്ന നയതന്ത്ര ചര്‍ച്ചകളില്‍ ഇസ്രഈല്‍ പങ്കാളിയല്ലെന്നും, ലെബനനിലെ ഹിസ്ബുല്ലയെ കേവലം നിരായുധരാക്കുക മാത്രമല്ല അവരെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ സൈനിക നീക്കം തുടരുമെന്നും ഇസ്രഈല്‍ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് വ്യക്തമാക്കി.

ഇസ്രഈല്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തീവ്ര വലതുപക്ഷ നേതാവ് കൂടിയായ സ്‌മോട്രിച്ച് നിലപാട് അറിയിച്ചത്.

അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ ഇസ്രഈല്‍ മനപൂര്‍വം മാറിനില്‍ക്കുകയാണെന്നും ‘പിശാചിനോട് തങ്ങള്‍ ചര്‍ച്ച നടത്തില്ല’ എന്നും സ്‌മോട്രിച്ച് പറഞ്ഞു.

ഈ ചര്‍ച്ചകള്‍ തങ്ങളെ ബാധിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സമ്മര്‍ദങ്ങളും സമീപകാലത്തെ ധാരണാപത്രങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും, അമേരിക്കയും ഇറാനും തമ്മിലുള്ള ഇത്തരം നയതന്ത്ര നീക്കങ്ങളെ ഇസ്രഈല്‍ പൂര്‍ണമായും തള്ളിക്കളയുകയാണ്.

ഹിസ്ബുല്ലയുടെ സാന്നിധ്യം നിലനില്‍ക്കുന്നിടത്തോളം കാലം ലെബനനിലെ സുരക്ഷാ മേഖലയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിന്മാറില്ല. ബോഫോര്‍ട്ട് കോട്ട ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ ഇടങ്ങളില്‍ സൈനിക നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിസ്ബുല്ല ലബനന്‍ സര്‍ക്കാരിന്റെ ഭാഗമാകാനോ ഇസ്രഈലിന് ഭീഷണിയാകാനോ പാടില്ല എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ സുരക്ഷാ മേഖലയുടെ നിയന്ത്രണം അത്യാവശ്യമാണെന്നും സ്‌മോട്രിച്ച് പറഞ്ഞു.

ലെബനന്റെ ഐക്യവും അഖണ്ഡതയും മാനിക്കണമെന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെടുമ്പോഴും, തെക്കന്‍ ലെബനനിലെ സുരക്ഷാ മേഖലയില്‍ നിയന്ത്രണം തുടരുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ലെബനനില്‍ ഇസ്രഈലിന് നല്‍കിയിരുന്ന നിയന്ത്രണമില്ലാത്ത സൈനിക നടപടിക്കുള്ള അനുമതി അവസാനിച്ചതായി അമേരിക്ക അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇസ്രഈലും അവരുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്കയും തമ്മിലുള്ള നയതന്ത്ര ഭിന്നത വര്‍ധിപ്പിച്ചിരിക്കുകയാണ്.

അമേരിക്ക ഈ വിഷയത്തെ ഹോര്‍മുസ് കടലിടുക്ക്, ഇന്ധന വില, ഇറാന്‍ ആണവ പ്രശ്‌നം എന്നിവ ഉള്‍പ്പെടുന്ന ഒരു വിശാലമായ പ്രാദേശിക ചട്ടക്കൂടിലാണ് കാണുന്നത്. എന്നാല്‍, ഇപ്പോള്‍ സൈന്യത്തെ പിന്‍വലിക്കുന്നത് തങ്ങളുടെ ബലഹീനതയായി വ്യാഖ്യാനിക്കപ്പെടുമെന്നും അത് പ്രാദേശിക ശത്രുക്കള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നും ഇസ്രഈല്‍ ഭയപ്പെടുന്നു.

തുടരുന്ന ഈ സംഘര്‍ഷം ലെബനനില്‍ വലിയ മാനുഷിക ദുരന്തമാണ് വിതയ്ക്കുന്നത്. ഇസ്രഈല്‍ ആക്രമണങ്ങളില്‍ മാര്‍ച്ച് രണ്ട് മുതല്‍ ഇതുവരെ ലബനനില്‍ 4,100ലധികം ആളുകള്‍ കൊല്ലപ്പെടുകയും 12,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രഈലും ലെബനനും തമ്മിലുള്ള അഞ്ചാം ഘട്ട നേരിട്ടുള്ള ചര്‍ച്ചകള്‍ ചൊവ്വാഴ്ച വാഷിങ്ടണില്‍ നടക്കാനിരിക്കെയാണ് ഇസ്രഈല്‍ ഇത്തരമൊരു കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

Content Highlight:  Israel Rejects US-Iran Diplomacy and Vows Lebanese Occupation

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more