| Monday, 10th August 2026, 7:55 am

ട്രംപിന്റെ ഗസ സമാധാന പദ്ധതി തള്ളി ഇസ്രഈല്‍; ഹമാസിനെ നിരായുധീകരിക്കാതെ സൈനിക പിന്മാറ്റമില്ലെന്ന് നെതന്യാഹു

ആദർശ് എം.കെ.

ടെല്‍ അവീവ്: ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ബോര്‍ഡ് ഓഫ് പീസ് സമിതിയും മുന്നോട്ടുവെച്ച 15 ഇന സമാധാന കരട് രേഖ ഔദ്യോഗികമായി തള്ളി ഇസ്രഈല്‍.

ഹമാസ് പൂര്‍ണമായും ആയുധം വെച്ചു കീഴടങ്ങുന്നത് വരെ ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം ഒരു തരത്തിലുമുള്ള പിന്മാറ്റവും നടത്തുകയില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു ട്രംപിന്റെ പദ്ധതിക്കെതിരെ ശക്തമായ നിലപാട് പരസ്യമാക്കിയതെന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

15 ഇന ഗസ രേഖ ഇസ്രഈല്‍ അംഗീകരിക്കുന്നില്ലെന്നും, വ്യാജമായ ആയുധ വിതരണമല്ല മറിച്ച് ചെറുതും വലുതുമായ മുഴുവന്‍ ആയുധങ്ങളും ഹമാസ് പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന് ഉറപ്പുവരുത്താതെ സൈന്യം ഗസ വിടില്ലെന്നും നെതന്യാഹു പറഞ്ഞു.

അമേരിക്കന്‍ ഭരണകൂടവുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, അമേരിക്ക മുന്നോട്ടുവെക്കുന്ന ചില ആശയങ്ങള്‍ അംഗീകരിക്കാമെങ്കിലും രാജ്യത്തിന് സ്വീകാര്യമല്ലാത്ത കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ ഇസ്രഈലിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഗസയിലോ വെസ്റ്റ് ബാങ്കിലോ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു ആവര്‍ത്തിച്ചു.

അവിടുത്തെ ഭരണം ‘ഫതഹ്സ്ഥാന്‍’ ആക്കാനോ ‘ഹമാസ്‌സ്ഥാന്‍’ ആക്കാനോ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഇസ്രഈലില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നെതന്യാഹു സ്വന്തം രാഷ്ട്രീയ താത്പര്യ സംരക്ഷണത്തിനായാണ് ഇത്തരം നിലപാടുകള്‍ എടുക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗസയില്‍ വന്‍തോതിലുള്ള സൈനിക പിന്മാറ്റം നടത്താനും, അന്താരാഷ്ട്ര നിരീക്ഷണ സേനയുടെ സഹായത്തോടെ ഒരു സ്വതന്ത്ര ഫലസ്തീന്‍ നാഷണല്‍ കമ്മിറ്റിക്ക് ഭരണം കൈമാറാനും ലക്ഷ്യമിട്ടാണ് ബോര്‍ഡ് ഓഫ് പീസ് 15 ഇന പദ്ധതി തയ്യാറാക്കിയത്.

ഹമാസ് അവരുടെ ആയുധങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുന്നതിന് പകരം ബോര്‍ഡ് ഓഫ് പീസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫലസ്തീന്‍ സാങ്കേതിക സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കാമെന്നാണ് സമ്മതിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയെങ്കിലും ഇസ്രഈല്‍ ഗസയില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ ഈയിടെയായി അമേരിക്കയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും രൂക്ഷമായ ആക്രമണങ്ങളും ഇസ്രഈല്‍ കുറച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

നെതന്യാഹുവിന്റെ പ്രസ്താവനയോട് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മുമ്പ് കെയ്‌റോയില്‍ വെച്ച് ധാരണയായ സമാധാന പദ്ധതി നടപ്പിലാക്കാന്‍ അമേരിക്കയും മധ്യസ്ഥരും ഇസ്രഈലിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ബാസെം നയിം ആവശ്യപ്പെട്ടു.

എന്നാല്‍ ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് നെതന്യാഹുവിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയും ഹമാസിനെ പൂര്‍ണമായി നിര്‍വീര്യമാക്കാതെ ഒരു മില്ലീമീറ്റര്‍ പോലും സൈന്യം പിന്നോട്ട് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ട്രംപിന്റെ ഗസ ദൂതന്‍ നിക്കോളായ് മ്ലാഡെനോവ് ട്രംപിന്റെ പദ്ധതി തന്നെയാണ് മുന്നോട്ടുള്ള ഒരേയൊരു വഴിയെന്ന് വ്യക്തമാക്കി.

അതേസമയം, നെതന്യാഹുവിന്റെ ഈ പരസ്യ പ്രസ്താവനകളില്‍ അമേരിക്കന്‍ ഭരണകൂടത്തിന് ആശങ്കയില്ലെന്നും ഇസ്രഈലിന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും എന്നാല്‍ ഗസയിലെ ആക്രമണങ്ങള്‍ തടയുക എന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content highlight: Israel rejects Trump’s Gaza peace plan; Netanyahu says no military withdrawal without disarming Hamas.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more