| Tuesday, 30th September 2025, 10:49 pm

മുന്‍ വെടിനിര്‍ത്തല്‍ കരാറില്‍ മോചിപ്പിക്കപ്പെട്ടവരെ വീണ്ടും അറസ്റ്റ് ചെയ്ത് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായി ഒപ്പുവെച്ച മുന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കപ്പെട്ടവരെ വീണ്ടും അറസ്റ്റ് ചെയ്ത് ഇസ്രഈല്‍. ഡസന്‍കണക്കിന് ഫലസ്തീനികളെയാണ് ഇസ്രഈല്‍ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ് സൊസൈറ്റി അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് പുറത്തിറങ്ങിയ ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ഇസ്രഈല്‍ ആക്രമണം വര്‍ധിക്കുകയാണെന്നും പ്രിസണേഴ്സ് സൊസൈറ്റി പറഞ്ഞു.

ജനുവരിയിലും ഫെബ്രുവരിയിലുമായി മോചിപ്പിക്കപ്പെട്ട 40 പേര്‍ വീണ്ടും അറസ്റ്റിലായെന്നാണ് പ്രിസണേഴ്സ് സൊസൈറ്റി അവകാശപ്പെടുന്നത്.

ഇവരില്‍ 16 പേര്‍ ഇപ്പോഴും ഇസ്രഈലിന്റെ കസ്റ്റഡിയിലാണെന്നും പ്രിസണേഴ്സ് സൊസൈറ്റി പറയുന്നു. വിചാരണയും കുറ്റം ചുമത്താതെയുമാണ് ഫലസ്തീനികളെ തടവിലാക്കിയിരിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 20 നിര്‍ദേശങ്ങളടങ്ങിയ പദ്ധതി പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവരുന്നത്. നിലവില്‍ യു.എസ് മുന്നോട്ടുവെച്ച പദ്ധതി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചതായാണ് ട്രംപിന്റെ അവകാശവാദം.

വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കാന്‍ ഹമാസിന് നാല് ദിവസത്തെ കാലാവധിയാണ് യു.എസ് നല്‍കിയിരിക്കുന്നത്. പദ്ധതി അംഗീകരിക്കാത്ത പക്ഷം ഗസ സംബന്ധിച്ച തീരുമാനം നെതന്യാഹുവിന്റെ താത്പര്യത്തിന് വിടുമെന്നും ട്രംപിന്റെ മുന്നറിയിപ്പുണ്ട്.

അതേസമയം ഹമാസിന്റെ നിരായുധീകരണം, ബന്ദികളുടെ കൈമാറ്റം എന്നിവ ഉള്‍പ്പെടുന്നതാണ് ട്രംപിന്റെ നിര്‍ദേശങ്ങള്‍. ഫലസ്തീനിയന്‍ ജനതയ്ക്ക് ഉപകരിക്കുന്ന തരത്തില്‍ ഗസയെ വികസിപ്പിക്കുമെന്നും ഇരുരാജ്യങ്ങളും ഇത് അംഗീകരിച്ചാല്‍ ആക്രമണം ഉടന്‍ അവസാനിക്കുമെന്നും പദ്ധതിയില്‍ പറയുന്നു.

ബന്ദി മോചനത്തിന് വഴിയൊരുക്കാനുള്ള തീരുമാനങ്ങളുണ്ടായാല്‍ ഇസ്രഈല്‍ സേന ഗസയില്‍ നിന്ന് പിന്‍വാങ്ങി എല്ലാ സൈനിക നടപടികളും നിര്‍ത്തിവെക്കും. കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനകം ഗസയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കണം.

അതിന് പിന്നാലെ ഇസ്രഈലില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന 250 പേരെയും 2023 ഒക്ടോബര്‍ ഏഴിന് ശേഷം ജയിലിലടക്കപ്പെട്ട 1200 ഗസക്കാരെയും മോചിപ്പിക്കും.

ഈ പദ്ധതി അംഗീകരിച്ചാല്‍ ഹമാസിനോ ഇസ്രഈലിനോ ഇടപാടില്ലാത്ത സര്‍ക്കാരിനെ കൊണ്ടുവരുമെന്നും ഭരണം ഒരു രാഷ്ട്രീയരഹിത ഫലസ്തീന്‍ സമിതിക്കായിരിക്കുമെന്നും പദ്ധതിയില്‍ പറയുന്നുണ്ട്.

Content Highlight: Israel re-arrests those released under previous ceasefire agreement

We use cookies to give you the best possible experience. Learn more