ലണ്ടണ്‍: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25ന് ഗസയിലെ നസര്‍ ആശുപത്രിയിലുണ്ടായ ഇസ്രഈല്‍ ആക്രമണങ്ങള്‍ യുദ്ധക്കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരാമെന്ന് ദ ഇന്‍ഡിപെന്‍ഡന്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തെക്കന്‍ ഗസയിലെ നസര്‍ ആശുപത്രിയിലുണ്ടായ ഇരട്ട ആക്രമണങ്ങളില്‍ അന്ന് മാധ്യമപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും അടക്കം 20ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആശുപത്രിയില്‍ ആദ്യത്തെ ആക്രമണം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും ഫസ്റ്റ് എയ്ഡ് പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് നേര്‍ക്കായിരുന്നു രണ്ടാമത്തെ ആക്രമണം. രണ്ടാമെത്ത ആക്രമണത്തിലായിരുന്നു 19 പേരും കൊല്ലപ്പെട്ടത്.
ഈ ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ പെടുമെന്ന് അന്താരാഷ്ട്ര നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിവിലിയന്‍മാരെ മനപ്പൂര്‍വം ലക്ഷ്യംവച്ചുള്ള ആക്രമണമാണ് ഇസ്രഈല്‍ നടത്തിയെതെന്ന് സംശയിക്കുന്നതായും അന്താരാഷ്ട്ര നിയമ വിദഗ്ധര്‍ പറയുന്നു. ഇരട്ട ആക്രമണങ്ങളിലെ രണ്ടാമത്തെ ആക്രമണത്തെക്കുറിച്ചാണ് അവര്‍ ഈ ആശങ്ക പ്രത്യേകം ഉന്നയിക്കുന്നത്.
ബറ്റാലിയന്‍ തലത്തിലെങ്കിലും അനുമതി ലഭിച്ചാല്‍ മാത്രമേ ആശുപത്രിക്ക് നേര്‍ക്ക് ആക്രമണം സൈന്യം നടത്തുകയുള്ളൂ എന്ന് ഇസ്രഈലി വിസില്‍ബ്ലോവര്‍മാര്‍ പറയുന്നതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ആഴത്തിലുള്ള ആസൂത്രണവും അത്തരം ആക്രമണത്തിന് ആവശ്യമാണെന്നും അവര്‍ പറയുന്നു.
നസര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തെ ദൗര്‍ഭാഗ്യകരമായ അപകടമെന്നായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടത്. ഗസയില്‍ യുദ്ധക്കുറ്റം ചെയ്തില്ലെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന നിലപാടാണ് ഇസ്രഈല്‍ തുടര്‍ച്ചയായി സ്വീകരിച്ചു വരുന്നത്.
തങ്ങളെ നിരീക്ഷിക്കാനായി ഹമാസ് സ്ഥാപിച്ച ക്യാമറകളെ ലക്ഷ്യമിട്ടായിരുന്നു അന്നത്തെ ആക്രമണം എന്നായിരുന്നു ഇസ്രഈലി സൈന്യം അവകാശപ്പെട്ടിരുന്നത്. ആക്രമണത്തില്‍ ആറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്നും അന്ന് ഇസ്രഈലി സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രഈല്‍ ഭീകരവാദികളായി ആരോപിക്കുന്നവരില്‍ രണ്ട് പേര്‍ ആശുപത്രി ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ രക്ഷാപ്രവര്‍ത്തിനൈത്തിയ സിവില്‍ ഡിഫന്‍സ് ടീം അംഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹമാസ് സ്ഥാപിച്ച ക്യാമറയാണെന്ന് ഇസ്രഈലി സൈന്യത്തിന് സംശയമുണ്ടായിരുന്നെങ്കില്‍ അത് ആശുപത്രി അധികൃതരെ ബന്ധപ്പെട്ട് അന്വേഷിക്കാമായിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ നമ്പറുണ്ടായിരിന്നിട്ടും ഇസ്രഈല്‍ സൈന്യം അത് ചെയ്തില്ലെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണങ്ങളുെട ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇസ്രഈലിനോട് ബ്രിട്ടിഷ് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നശേഷം ബ്രിട്ടിഷ് എം.പിമാര്‍ ആവശ്യപ്പെട്ടു. ‘മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളില്‍ ഉയരാരുള്ള പ്രതിഷേധം എവിടെയെന്ന് ലേബര്‍ എം.പി സാറ ചാമ്പ്യന്‍ ഇന്‍ഡിപെന്‍ഡന്‍സിനോട് സംസാരിക്കവെ പറഞ്ഞു. ‘ജനീവ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര കോടതികള്‍ വഴി ഇസ്രഈലി സൈന്യത്തെക്കൊണ്ട് ഉത്തരവാദിത്തം ഏറ്റെടുപ്പിക്കണമെന്ന് ലേബര്‍ എം.പി റേച്ചല്‍ മാസ്‌കെല്‍ പറഞ്ഞു. ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ക്കെതിരെ ഉപരോധങ്ങള്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള ശക്തമായ നടപടികള്‍ യു.കെ. സര്‍ക്കാര്‍ സ്വീകരിക്കണം. അവരുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തലാക്കുന്നതടക്കം പരിഗണിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Israel probably committed war crimes in Gaza hospital double-tap, investigation finds