| Sunday, 24th August 2025, 7:58 am

ഗസ പിടിച്ചടക്കാന്‍ സൈനിക സന്നാഹങ്ങളുമായി ഇസ്രഈല്‍: ആക്രമണം ശക്തിപ്പെടുത്താന്‍ കരയുദ്ധം വ്യാപിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസ പിടിച്ചടക്കാന്‍ സൈനിക സന്നാഹങ്ങളുമായി ഇസ്രഈല്‍. ആക്രമണം ശക്തിപ്പെടുത്താനും കരയുദ്ധം വ്യാപിപ്പിക്കാനും സബ്ര പ്രദേശത്തേക്ക് ഇസ്രഈല്‍ സൈനിക വാഹനങ്ങള്‍ വന്നെത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നു. സെപ്റ്റംബര്‍ പകുതിയോടെ ഗസ പിടിച്ചടക്കുന്നതിനായുള്ള സൈനിക ആക്രമണ തയ്യാറെടുപ്പാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പദ്ധതിക്ക് മുന്നോടിയായി ഗസയില്‍ ഏകദേശം 10 ലക്ഷം ഫലസ്തീനികളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. മാത്രമല്ല ഹമാസിനെതിരായ ഇസ്രഈലിന്റെ യുദ്ധത്തിനായി 60,000ത്തോളം സൈനിക റിസര്‍വിസ്റ്റുകളെ സെപ്റ്റംബര്‍ രണ്ടോടുകൂടി തയ്യാറാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബന്ദികളെയും സൈനികരെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫലസ്തീനികളെ ഒഴിപ്പിക്കാന്‍ നിയമസാധ്യത ഉറപ്പാക്കുമെന്നും പറഞ്ഞിരുന്നു.

അതേസമയം ഇസ്രഈല്‍ ദേശീയ സുരക്ഷ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇറ്റാമര്‍ ബെന്‍ ഗ്വിറിനെയും കുടുംബത്തെയും ബന്ദി മോചന പ്രക്ഷോഭകര്‍ തടഞ്ഞു. ബന്ദികളുടെ മോചനം നീട്ടികൊണ്ടുപോയി അവരുടെ ജീവന്‍ അപകടത്തിലാക്കുന്നതിന്റെ ഉത്തരവാദിത്വം ബെന്നിനാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.

ഇതിനിടെ ഗസയില്‍ ഇസ്രഈലിന്റെ തുടര്‍ ആക്രമണത്തില്‍ 61 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഇതില്‍ 18 പേര്‍ കൊല്ലപ്പെട്ടത് ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനില്‍ക്കുമ്പോഴാണ്. രണ്ട് ഇസ്രഈല്‍ ടാങ്കുകള്‍ തകര്‍ത്തതായും ഹമാസ് അറിയിച്ചു.

ഗസയെ നിര്‍ബന്ധിത പട്ടിണിയില്‍ തള്ളിവിടുന്ന ഇസ്രഈലിന്റെ നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുഞ്ഞുങ്ങളെ ആണെന്ന് യൂണിസെഫ് നേരത്തെ പറഞ്ഞിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്നും യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി. ഗസക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ ആക്രമണത്തില്‍ നിരവധിപേരാണ് കൊല്ലപ്പെടുന്നത്.

Content Highlight: Israel prepares military preparations to capture Gaza

We use cookies to give you the best possible experience. Learn more