| Tuesday, 4th August 2026, 3:45 pm

യു.എ.യക്ക് ഇസ്രഈല്‍ ഡ്രോണുകള്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു; പ്രതിരോധ രംഗത്തെ ബന്ധം വെളിപ്പെടുത്തി ഇമെയിലുകള്‍

റെന്വര്‍ പി

അബുദാബി: 2022ല്‍ അബുദാബിയില്‍ ഹൂത്തികള്‍ നടത്തിയ ഒരു ആക്രമണത്തിന് പിന്നാലെ ഇസ്രഈല്‍ അവരുടെ ഡ്രോണുകള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ ശ്രമം നടത്തിയതായി തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഇസ്രഈലിന്റെ എല്‍ബിറ്റ് സിസ്റ്റംസ് അവരുടെ ഡ്രോണുകള്‍ വാങ്ങാന്‍ യു.എ.ഇയെ പ്രേരിപ്പിപ്പിക്കുന്നതായി തെളിയിക്കുന്ന ഇമെയില്‍ സന്ദേശങ്ങളും ഓണ്‍ലൈന്‍ രേഖകളുമാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

2021നും 2023നും ഇടയില്‍ എല്‍ബിറ്റ് സിസ്റ്റംസിലെ എക്‌സിക്യൂട്ടീവുകള്‍ സൗദി അധികൃതര്‍ക്ക് അയച്ച ഇമെയിലുകള്‍ ഹാക്കിങ് ഗ്രൂപ്പായ ഹന്‍ഡാല പുറത്തുവിട്ടിരുന്നു. 2022ല്‍ ഇസ്രഈല്‍ ഡ്രോണുകള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ എല്‍ബിറ്റ് സിസ്റ്റംസ് ശ്രമം നടത്തിയിയിരുന്നതായി ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതായി ഹആരെറ്റ്‌സ്, ഡ്രോപ് സൈറ്റ് എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹൂത്തികളുടെ ആക്രമണത്തിന് പിന്നാലെ പ്രതിരോധ പിന്തുണ ആവശ്യപ്പെട്ട് എല്‍ബിറ്റ് സിസ്റ്റംസിന് യു.എ.ഇ സന്ദേശം അയച്ചെന്ന് ഹആരെറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അബ്രഹാം ഉടമ്പടി പ്രകാരം ഇസ്രഈലും യു.എ.ഇയും തമ്മിലുള്ള ബന്ധം സാധാരണമായ ശേഷം നിരവധി നൂതന ആയുധങ്ങള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ ഇസ്രഈല്‍ ശ്രമം നടത്തിയെന്നും ഹആരറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഔദ്യോഗിക ആവശ്യത്തിന് ഒരു എക്‌സിക്യൂട്ടീവ് ഉപയോഗിച്ച വ്യക്തിഗത ഇ മെയില്‍ ഹാക്ക് ചെയ്താണ് ഹന്‍ഡാല ഹാക്കിങ് ഗ്രൂപ്പ് രേഖകള്‍ ചോര്‍ത്തിയത്. ഹെര്‍മെസ് 900 പോലുള്ള ഡ്രോണുകള്‍ യു.എ.ഇക്ക് ഇസ്രഈല്‍ വില്‍ക്കാന്‍ ശ്രമിച്ചതായി ഈ രേഖകള്‍ വ്യക്തമാക്കുന്നു. യു.എ.ഇയും ഇസ്രഈലും തമ്മില്‍ പ്രതിരോധ രംഗത്തുള്ള അടുത്ത ബന്ധം തുറന്നു കാട്ടുന്നതാണ് ഇമെയിലുകള്‍.

ഡ്രോണുകള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ ഇസ്രഈലിന് സാധിച്ചോ എന്ന് ചോര്‍ന്ന ഇമെയിലുകള്‍ വ്യക്തമാക്കുന്നില്ല. ആദ്യ ഘട്ടത്തില്‍ 145 മില്യണ്‍ ഡോളറിനാണ് വില്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അപ്‌ഗ്രേഡുകള്‍ക്ക് ശേഷം 225 മില്യണ്‍ ഡോളറായി വില ഉയര്‍ത്തിയ ശേഷമാണ് ഡ്രോണുകള്‍ വില്‍ക്കാന്‍ ശ്രമിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.ഇറാന്‍ അനുകൂല ഹാക്കിങ് ഗ്രൂപ്പാണ് ഹന്‍ഡാല. ഡ്രോണുകളുടെ വില്‍പനക്ക് പുറമെ സ്‌കൈഐ സര്‍വെയ്‌ലന്‍സ് സെന്‍സറുകളെ കുറിച്ചും ഗ്രൗണ്ട് കണ്‍ട്രോള്‍ ഉപകരണങ്ങളെ കുറിച്ചും ഇവയുടെ പരിശീലനത്തെകുറിച്ചുമുള്ള മെയിലുകളാണ് ഹന്‍ഡാല ചോര്‍ത്തിയത്.

ഡ്രോണുകളില്‍ ഉയര്‍ന്ന റെസല്യൂഷനില്‍ വിശാലമായ ഭൂപ്രദേശങ്ങളില്‍ തത്സമയ നിരീക്ഷണം നടത്താന്‍ സൗകര്യമൊരുക്കുന്ന ക്യാമറ സംവിധാനമാണ് സ്‌കൈഐ സെന്‍സറുകളിലുള്ളത്. സര്‍വൈലന്‍സ് സംവിധാനം കൂടിയുള്ള ഡ്രോണുകളാണ് ഹെര്‍മെസ് 900 ഡ്രോണുകള്‍. 990 പൗണ്ട് വരെ ആയുധ വാഹക ശേഷിയുള്ള ഈ ഡ്രോണിന് ഏഴ് മിസൈലുകളെ വരെ വഹിക്കാന്‍ സാധിക്കുമെന്നാണ് വിവരം.2022 മാര്‍ച്ചില്‍ ഹെര്‍മിസ് 900 ഡ്രോണുകളുടെ വില്‍പനയെക്കുറിച്ച് സംസാരിക്കാന്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ യു.എ.ഇ.യിലേക്ക് യാത്ര ചെയ്തതായും ഇമെയിലുകള്‍ വെളിപ്പെടുത്തുന്നു. ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആയുധ വികസന ഡയറക്ടറേറ്റിലെ ഗവേഷണ വികസന വിഭാഗം തലവനാണ് അന്ന് യു.എ.ഇയില്‍ പോയത്.

Content Highlight: Israel Pitched Advanced Drones UAE Leaked Emails Reveal Report

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more