| Sunday, 8th June 2025, 10:08 pm

ഗസയിലേക്കുള്ള സഹായവുമായി പുറപ്പെട്ട ഗ്രേറ്റ് തന്‍ബര്‍ഗിന്റെ കപ്പലിനെ തടയാന്‍ ഇസ്രഈല്‍ സൈന്യത്തിന് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയിലേക്കുള്ള സഹായവുമായി പുറപ്പെട്ട ഗ്രേറ്റ് തന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള സഹായ കപ്പലിനെ തടയാന്‍ ഇസ്രഈല്‍ സൈന്യത്തിന് നിര്‍ദേശം. ഇസ്രഈല്‍ പ്രതിരോധ മന്ത്രിയായ ഇസ്രഈല്‍ കാറ്റ്‌സ് ആണ് മാഡ്‌ലീന്‍ ഫ്‌ലോട്ടില്ലയെന്ന കപ്പലിനെ തടയാന്‍ സൈന്യത്തോട് ഉത്തരവിട്ടത്.

‘മാഡ്‌ലീന്‍ ഫ്‌ലോട്ടില്ല ഗസയില്‍ എത്തുന്നത് തടയാന്‍ ഞാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ ഇസ്രഈല്‍ കാറ്റ്സിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ഹമാസിന്റെ മൗത്ത്പീസായ ഗ്രെറ്റ എന്ന ജൂതവിരുദ്ധയോടും കൂട്ടാളികളോടും പിന്തിരിയാനും സംഘത്തിന് ഗസയില്‍ എത്താന്‍ കഴിയില്ലെന്നും കാറ്റ്‌സ് അവകാശപ്പെട്ടു.

എന്നാല്‍ അവസാന നിമിഷം വരെ മുന്നോട്ട് പോകുമെന്ന് സംഘത്തിലെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍ എ.എഫ്.പിയോട് പറഞ്ഞു. തങ്ങള്‍ പന്ത്രണ്ട് സിവിലിയന്മാരാണ് കപ്പലിലുള്ളതെന്നും തങ്ങളുടെ പക്കല്‍ ആയുധമില്ലെന്നും മാനുഷിക സഹായം മാത്രമേ ഉള്ളുവെന്നും അവര്‍ കൂട്ടിച്ചേടര്‍ത്തു.

ഫലസ്തീനിലെ ഇസ്രഈല്‍ ഉപരോധം തകര്‍ക്കുന്നതിനായി കപ്പലുകളില്‍ സഹായഹസ്തങ്ങളുമായാണ് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, ഗെയിം ഓഫ് ത്രോണ്‍സ് നടന്‍ ലിയാം കണ്ണിങ്ഹാം തുടങ്ങിയവരുടെ സംഘം ഗസയിലേക്ക് പുറപ്പെട്ടത്.

ഫ്രീഡം ഫ്ലോട്ടില്ലയുടെ പ്രവര്‍ത്തകരാണ് ഗസയിലെ ഉപരോധം ലക്ഷ്യമിട്ട് സഹായങ്ങളുമായി തിരിച്ചത്. ഗസയിലെ ഇസ്രഈലിന്റെ നിയമവിരുദ്ധ ഉപരോധത്തിന്റെ മനുഷ്യത്വമില്ലായ്മ ഉയര്‍ത്തിക്കാട്ടുന്ന ഒരു ആഗോള സഖ്യമാണ് ഫ്രീഡം ഫ്ലോട്ടില്ല. സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിസിലിയില്‍ നിന്നുള്ള സഹായകപ്പല്‍ ഗസയിലേക്ക് യാത്ര തിരിച്ചത്.

ജൂണ്‍ ഒന്നിനാണ് ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ നിന്ന് ഗസയിലേക്കുള്ള കപ്പല്‍ പുറപ്പെട്ടു. 12 പേരാണ് കപ്പലിലെ സംഘത്തിലുള്ളത്. ബേബി ഫുഡ്, അരി, ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, മെഡിക്കല്‍ സപ്ലൈസ്, വാട്ടര്‍ ഡീസലൈനേഷന്‍ കിറ്റുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്.

കഴിഞ്ഞ മാസം, ഫ്രീഡം ഫ്‌ലോട്ടില്ല കോയലിഷന്‍ (എഫ്.എഫ്.സി)യുടെ നേതൃത്വത്തിലുള്ള മറ്റൊരു കപ്പലായ കോണ്‍സൈന്‍സ് ഡ്രോണുകള്‍ ഇടിച്ചതിനെത്തുടര്‍ന്ന് യാത്ര അവസാനിപ്പിച്ചിരുന്നു.

Content Highlight: Israel orders military to stop aid boat with Greta Thunberg which aim towards Gaza

We use cookies to give you the best possible experience. Learn more