ലുബ്ലിയാന: സ്ലൊവേനിയന്‍ തലസ്ഥാനമായ ലുബ്ലിയാനയില്‍ ഇസ്രഈലിന്റെ എംബസി തുറക്കുന്നതില്‍ വന്‍ പ്രതിഷേധം. എംബസി തുറക്കുന്നതിനെതിരെയും ഇസ്രഈല്‍ നയങ്ങള്‍ക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.
ഫലസ്തീന്‍ അനുകൂല സംഘടനകളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലായിരുന്നു കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. ഇസ്രഈല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ ഫലസ്തീനിലെ ഇസ്രഈല്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
എംബസി പ്രദേശത്ത് കനത്ത സുരക്ഷയാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. വിഷയം രാജ്യത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിതുറന്നിരിക്കുകയാണ്.
‘ഞങ്ങള്‍ സമാധാനത്തിനും ഫലസ്തീനുമായി ഒന്നിച്ചുനില്‍ക്കുന്നു, വംശഹത്യ ആത്മരക്ഷയല്ല തുടങ്ങിയ ബാനറുകള്‍ അവര്‍ കയ്യിലേന്തിയിരുന്നു. സര്‍ക്കാരിന്റെ ഈ നയം പൊതുജനാഭിപ്രായത്തിന് എതിരാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ജൂണില്‍ നടത്തിയ ഒരു സര്‍വേയില്‍ 56 ശതമാനം സ്ലൊവേനിയക്കാരും ഇസ്രഈലുമായി അടുക്കുന്നതിനെ എതിര്‍ത്തിരുന്നു.
മുന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഗോലോബിന്റെ ഭരണകാലത്ത് ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളെ വംശഹത്യ എന്ന് വിശേഷിപ്പിക്കുകയും ഫലസ്തീനെ രാജ്യമായി അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ജൂലൈയില്‍ അധികാരത്തിലെത്തിയ തീവ്ര വലത് പക്ഷ പ്രധാനമന്ത്രി യാനെസ് യാന്‍ഷെ ഇസ്രഈലുമായുള്ള നയതന്ത്രം പുതുക്കുകയും നിലപാടുകള്‍ തിരുത്തുകയുമായിരുന്നു.
നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സാര്‍ സ്ലൊവേനിയയില്‍ നേരിട്ടെത്തിയാണ് എംബസി ഉദ്ഘാടനം ചെയ്തത്. ഇതിനിടെ, സര്‍ക്കാരിന്റെ ഇസ്രഈല്‍ അനുകൂല നയതന്ത്ര നിലപാടുകള്‍ക്കെതിരെ മുന്‍ പ്രധാനമന്ത്രി ഗോലോബിന്റെ ഫ്രീഡം മൂവ്‌മെന്റും ലെഫ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് പ്രധാനമന്ത്രി യാന്‍ഷെക്കെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം സമര്‍പ്പിച്ചു.
വെസ്റ്റ്ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇസ്രായേല്‍ ആഗോളതലത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണിത്.
Content Highlight: Israel opens its first embassy in Slovenia; thousands take to the streets in protest.