| Sunday, 27th July 2025, 3:32 pm

ഇറാനെ ആക്രമിക്കാന്‍ ഇസ്രഈലിന് ഇന്റര്‍സെപ്റ്ററുകള്‍ വേണം; സഹായത്തിനായി അമേരിക്ക സൗദിയെ സമീപിച്ചെങ്കിലും നല്‍കിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ യു.എസ് ഘടകകക്ഷിയായ സൗദി അറേബ്യയോട് ഇന്റര്‍സെപ്റ്ററുകള്‍ ഇസ്രഈലിന് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ സൗദി ഈ ആവശ്യം നിരാകരിക്കുകയായിരുന്നെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തിനിടെ ഇസ്രഈലിന്റെ പക്കല്‍ ടെര്‍മിനല്‍ ഹൈ ആല്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (ടി.എച്ച്.എ.എ.ഡി) ഇന്റര്‍സെപ്റ്ററുകളുടെ എണ്ണം കുറവായിരുന്നു.

തുടര്‍ന്ന് ഇന്റര്‍സെപ്റ്ററുകളുള്ള രാജ്യങ്ങളോട് അവ സംഭാവന ചെയ്യാന്‍ യു.എസ് ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ആ ശ്രമം വിജയിക്കാതിരുന്നപ്പോള്‍ ഈ രാജ്യങ്ങളുമായി മറ്റ് ഡീലുകളില്‍ ഏര്‍പ്പെട്ട് ഇന്റര്‍സെപ്റ്ററുകള്‍ കൊടുക്കാന്‍ ധാരണയുണ്ടാക്കാന്‍ യു.എസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതും വിജയിച്ചില്ല.

എന്നാല്‍ സൗദിക്ക് സഹായിക്കാന്‍ കഴിയുമായിരുന്നെങ്കിലും സൗദി അതിന് തയ്യാറായില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. ഇറാന്‍ കേവലം ഇസ്രഈലിന് മാത്രമല്ല സൗദിക്കും ഭീഷണിയാണെന്നുള്ള വാദങ്ങളടക്കം അമേരിക്ക ഉന്നയിച്ചെങ്കിലും സൗദി വഴങ്ങിയില്ലെന്നാണ് സൂചന.

ഇസ്രഈല്‍ ഇറാന്‍ സംഘര്‍ഷം നടക്കുമ്പോള്‍ സൗദി സ്വന്തം ചെലവില്‍ ആദ്യത്തെ THADD ബാറ്ററി വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജൂലായ് മൂന്നിനാണ് സൗദി സൈന്യം ഈ ബാറ്ററിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

ഇസ്രഈലിനെതിരായ ഇറാന്റെ ആക്രമണം അമേരിക്കയുടെ പക്കലുള്ള ഇന്റര്‍സെപ്റ്ററുകളുടെ ശേഖരം വലിയ തോതില്‍ കുറയ്ക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെട്ടിരുന്നു.

സൗദിക്ക് പുറമെ ഇസ്രഈലിന് ഇന്റര്‍സെപ്റ്ററുകള്‍ നല്‍കാന്‍ അമേരിക്ക് യു.എ.ഇയോടും ആവശ്യപ്പെട്ടതായി വിവരമുണ്ട്. എന്നാല്‍ യു.എ.ഇ ഇവ നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

12 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടല്‍ ഇറാനിലും ഇസ്രഈലിലും കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ 935 ആളുകളാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. 5332 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രഈലില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. 3400 ലധികം ആളുകള്‍ക്ക് പരിക്കുമേറ്റിരുന്നു. ജൂണ്‍ 13ന് ഇറാനിലെ സൈനിക, ആണവ, സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തിയതോടെയാണ് ഇറാന്‍ തിരിച്ചടിച്ചത്.

ഇസ്രഈലിനെ പിന്തുണച്ച് ജൂണ്‍ 22ന് പുലര്‍ച്ചെ ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ആക്രമണം നടത്തി. യു.എസ് ആക്രമണത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് ഖത്തറിലെ യു.എസ് വ്യോമതാവളത്തില്‍ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി.

Content Highlight: Israel needs interceptors to attack Iran; US approaches Saudi Arabia for help, but doesn’t provide them

We use cookies to give you the best possible experience. Learn more