ന്യൂയോര്‍ക്ക്: ഇസ്രഈലും മൊറോക്കോയും തങ്ങളുടെ നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ എംബസികള്‍ തുറക്കാനും അംബാസഡര്‍മാരെ നിയമിക്കാനുമൊരുങ്ങുന്നു. ബുധനാഴ്ച ന്യൂയോര്‍ക്കില്‍ വെച്ച് യു.എസിന്റെ മധ്യസ്ഥതയില്‍ നടന്ന ത്രിരാഷ്ട്ര നയതന്ത്ര ചര്‍ച്ചയില്‍ വെച്ചായിരുന്നു തീരുമാനം.
ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഗിഡിയന്‍ സാ’ര്‍, മൊറോക്കന്‍ വിദേശകാര്യമന്ത്രി നാസര്‍ ബൊറീറ്റ, യു.എന്നിലെ യു.എസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഇസ്രഈലിനും മൊറോക്കോയ്ക്കും ഇടയിലുള്ള വിമാനസര്‍വീസുകള്‍ വിപുലീകരിക്കാനും, ഈ വര്‍ഷം അവസാനത്തോടെ മൊറോക്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
വരും മാസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല സന്ദര്‍ശനങ്ങള്‍ നടത്താനും പദ്ധതിയുണ്ട്.
ഇസ്രഈലിനും മൊറോക്കോയ്ക്കുമിടയില്‍ സമാധാനപരവും സൗഹൃദപരവും നയതന്ത്രപരവുമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് ഇരുരാജ്യങ്ങളുടെയും പൊതുതാത്പര്യങ്ങള്‍ക്ക് അനുസൃതമാണെന്നും ഇത് സമാധാനത്തിന് കാരണമാകുമെന്നും യു.എന്നിലെ യു.എസ് ദൗത്യസംഘം മൂന്ന് രാജ്യങ്ങളുടെയും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.
അബ്രഹാം അക്കോര്‍ഡ്‌സിന് ആറ് വര്‍ഷം തികഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ പ്രഖ്യാപനം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയ്യെടുത്ത അബ്രഹാം അക്കോര്‍ഡ്‌സ് അറബ്-മുസ്‌ലിം രാജ്യങ്ങളുമായുള്ള ഇസ്രഈലിന്റെ ബന്ധം സാധാരണനിലയിലാക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്.
യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, ഖസാക്സ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം മൊറോക്കോയും അക്കോര്‍ഡ്‌സില്‍ പങ്കുചേര്‍ന്നിരുന്നിരുന്നു.
Content Highlight: Israel, Morocco agree to upgrade diplomatic ties, expand flights at US-backed summit