ഇസ്താംബുൾ: ഇറാനെ ആക്രമിക്കാൻ ഇസ്രഈൽ അവസരം തേടുകയാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ.
ഇത്തരമൊരു നീക്കം ഇറാനെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും ഹകാൻ ഫിദാൻ പറഞ്ഞതായി തുർക്കി മാധ്യമമായ എൻ.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അടുത്തിടെ നടത്തിയ ഇറാൻ സന്ദർശന വേളയിൽ
ഇസ്രഈലിന്റെ ആക്രമണ സാധ്യതയെകുറിച്ചുള്ള തന്റെ ആശങ്കകൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഹകാൻ ഫിദാൻ പറഞ്ഞു.
ഇറാനിലെ വിദേശ ഇടപെടലിനുള്ള തുർക്കിയുടെ എതിർപ്പ് ആവർത്തിച്ച് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനോട് പറഞ്ഞിരുന്നു.
ഇറാന്റെ സമാധാനവും സ്ഥിരതയും തുർക്കി വിലമതിക്കുന്നുവെന്നും മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നില്ലെന്നും എർദോഗൻ പറഞ്ഞു.
ഇരുവരുടെയും ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഹകാൻ ഫിദാന്റെ മുന്നറിയിപ്പ്.
ഇറാനെതിരായ ഏതൊരു ആക്രമണത്തെയും സമഗ്ര യുദ്ധമായി കണക്കാക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
അമേരിക്കക്കാർ ഇറാന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും ലംഘിച്ചാൽ തങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇറാനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധ കപ്പലുകളുടെ ആയുധ സേനയെ ഗൾഫ് മേഖലയിലേക്ക് അയച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ഏഷ്യ-പസഫിക്കിൽ നിന്ന് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ, നിരവധി ഡിസ്ട്രോയറുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള യു.എസ് യുദ്ധക്കപ്പലുകളടക്കം കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് അടുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തന്നെ കൊല്ലാൻ ശ്രമിച്ചാൽ ഇറാനെ ഭൂലോകത്ത് നിന്നും തുടച്ചുനീക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി ഉയർത്തിയിരുന്നു.
Content Highlight: Israel looking for opportunity to attack Iran: Turkish Foreign Minister