| Monday, 13th October 2025, 7:35 am

വെടിനിര്‍ത്തലിനിടയിലും ആക്രമണം; ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലെ വെടിനിര്‍ത്തല്‍ പ്രാബല്ല്യത്തിലിരിക്കെ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി ഇസ്രഈല്‍. ഗസ സിറ്റിയില്‍ നടന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സാലിഹ് അല്‍ജഫറാവി എന്ന മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനോട് അനുബന്ധിച്ച് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒരു ട്രക്കിന്റെ പിന്‍ഭാഗത്ത് ‘പ്രസ്സ്’ ജാക്കറ്റ് ധരിച്ച സാലിഹിന്റെ മൃതദേഹം കാണാമായിരുന്നു.

ഗസയിലെ വംശഹത്യ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ശ്രദ്ധിക്കപ്പെട്ട യുവാവാണ് 28കാരനായ അല്‍ജഫറാവി. ഗസയിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ജഫറാവിയെ ആയുധ ധാരികളായ സംഘം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഫലസ്തീന്‍ വൃത്തങ്ങള്‍ അല്‍ ജസീറ അറബിക്കിനോട് പറഞ്ഞത്. നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മൂന്നാം ദിനം പിന്നിടുന്നതിനിടയിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

യുദ്ധത്തിനിടെ വടക്കന്‍ ഗസയില്‍ നിന്ന് നാടുകടത്തപ്പെട്ടയാളാണ് സാലിഹ് അല്‍ജഫറാവി. വംശഹത്യയെക്കുറിച്ചുള്ള വീഡിയോകള്‍ പകര്‍ത്തി ലോകത്തിന് മുന്നില്‍ എത്തിച്ച അല്‍ജഫറാവിക്കെതിരെ ഇസ്രഈല്‍ നിരവധി തവണ ഭീഷണികള്‍ മുഴക്കിയിരുന്നു.

സാലിഹ് അല്‍ജഫറാവിയെ ആക്രമികള്‍ വളഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സാലിഹിന്റെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകള്‍ ഏറ്റിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗസയിലെ സുരക്ഷാ സാഹചര്യം വെല്ലുവിളി നിറഞ്ഞതായി തുടരുന്നുവെന്ന് പ്രാദേശിക അധികാരികള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ ഇസ്രഈലിന്റെ ആക്രമണങ്ങളേക്കറിച്ച് അല്‍ജഫറാവി അല്‍ ജസീറയോട് സംസാരിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിലായി തങ്ങള്‍ നേരിട്ട സാഹചര്യങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഈ 467 ദിവസങ്ങളില്‍ ഞാന്‍ കടന്നുപോയ എല്ലാ സാഹചര്യങ്ങളും എന്റെ ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകില്ല. ഞങ്ങള്‍ നേരിട്ട എല്ലാ സാഹചര്യങ്ങളും, ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. സത്യം പറഞ്ഞാല്‍, ഓരോ നിമിഷവും ഞാന്‍ ഭയത്തിലായിരുന്നു ജീവിച്ചത്. പ്രത്യേകിച്ച് ഇസ്രഈലി അധിനിവേശം എന്നെക്കുറിച്ച് പറയുന്നതിന് ശേഷം കേട്ടതിനുശേഷം എന്ത് സംഭവിക്കുമെന്ന് അറിയാതെ ഞാന്‍ ജീവിക്കുകയായിരുന്നു,’ അല്‍ജഫറാവി പറഞ്ഞു.

2023 ഒക്ടോബര്‍ മുതല്‍ യുദ്ധത്തില്‍ 270ഓളം മാധ്യമപ്രവര്‍ത്തകരാണ് ഗസയില്‍ കൊല്ലപ്പെട്ടത്. അതേസമയം ഇന്ന് നടക്കുന്ന ഗസ സമാധാന ഉച്ചകോടിയില്‍ ബന്ദികളെ വിട്ടയക്കുന്നതുമായുള്ള ചര്‍ച്ചകള്‍ ഈജ്പിത്തില്‍ നടക്കും.

Content Highlight: Israel kills Palestinian journalist as Gaza ceasefire takes effect

We use cookies to give you the best possible experience. Learn more