ഗസയിലെ ഖദമാത്ത് ഖാന്‍ യൂനിസ് ക്ലബിന്റെ ഗോള്‍കീപ്പറായിരുന്ന സലീം ഖാദര്‍ അല്‍-അഷ്‌കര്‍ (32) കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷനും ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫയും സ്ഥിരീകരിച്ചു.
ഗസയിലെ ഖാന്‍ യൂനിസിന് വടക്കുകിഴക്കുള്ള അല്‍-കരാര പട്ടണത്തില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിവെപ്പിലാണ് അല്‍-അഷ്‌കര്‍ കൊല്ലപ്പെട്ടതെന്നാണ് ഫലസ്തീന്‍ അധികൃതര്‍ പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് ഇസ്രഈല്‍ സൈന്യം ഇതുവരെ പ്രത്യേക പ്രതികരണം പുറത്തുവിട്ടിട്ടില്ല.
ഖദമാത്ത് ഖാന്‍ യൂനിസിന് പുറമെ അല്‍-അഖ്‌സ സ്‌പോര്‍ട്‌സ് ക്ലബിനും അല്‍-മുസദാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനുമായി അല്‍-അഷ്‌കര്‍ കളിച്ചിരുന്നു. മികച്ച റിഫ്‌ളകസും സ്ഥിരതയാര്‍ന്ന പ്രകടനവും കൊണ്ട് ഗസയിലെ ആഭ്യന്തര ഫുട്‌ബോളില്‍ ശ്രദ്ധേയനായ ഗോള്‍കീപ്പറായിരുന്നു അദ്ദേഹം.
പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, അഞ്ച് മാസം മുമ്പാണ് അല്‍-അഷ്‌കര്‍ വിവാഹിതനായത്. ആദ്യ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
2023 ഒക്ടോബറില്‍ ഗസ യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെടുന്ന ഫലസ്തീന്‍ കായികരംഗത്തെ അംഗങ്ങളുടെ എണ്ണം 1,009 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
ഇതില്‍ 567 പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്. അല്‍-അഷ്‌കറിന്റെ വിയോഗത്തില്‍ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഹതാരങ്ങള്‍ക്കും അനുശോചനം അറിയിക്കുകയും ചെയ്തു.