| Thursday, 3rd July 2025, 1:11 pm

48 മണിക്കൂറിനുള്ളിൽ 300ലധികം ഫലസ്തീനികളെ കൊന്നൊടുക്കി ഇസ്രഈൽ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 300ലധികം ഫലസ്തീനികളെ ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയതായി ഗസ ഗവൺമെന്റ് മീഡിയ ഓഫീസ്. 48 മണിക്കൂറിനുള്ളിൽ 26 കൂട്ടക്കൊലകൾ ഇസ്രഈൽ സേന നടത്തിയെന്നും ഗസ ഗവൺമെന്റ് മീഡിയ ഓഫീസ് അധികൃതർ അറിയിച്ചു.

‘കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടന്ന ആക്രമണങ്ങളിൽ പതിനായിരക്കണക്കിന് ഫലസ്തീനികൾതാമസിക്കുന്ന ഷെൽട്ടറുകളും അൽ-ബഖ വിശ്രമ കേന്ദ്രം പോലുള്ള പൊതു വിശ്രമ കേന്ദ്രങ്ങളും, വീടുകൾക്കുള്ളിലെ ഫലസ്തീൻ കുടുംബങ്ങളെയും, സുപ്രധാന സിവിലിയൻ സൗകര്യങ്ങളെയും, ഭക്ഷണം തേടുന്ന പട്ടിണി കിടക്കുന്ന സാധാരണക്കാരെയും ഇസ്രഈൽ സേന ലക്ഷ്യമിട്ടു,’ ഗവൺമെന്റ് മീഡിയ ഓഫീസ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

വിശക്കുന്ന ഫലസ്തീനികൾ ഭക്ഷണത്തിനായി നെട്ടോട്ടമോടുമ്പോൾ ഗസയിലെ സഹായ വിതരണ കേന്ദ്രങ്ങൾക്ക് കാവൽ നിൽക്കുന്നതായി പറയപ്പെടുന്ന അമേരിക്കൻ കരാറുകാർ വെടിയുണ്ടകളും സ്റ്റൺ ഗ്രനേഡുകളും ഉപയോഗിക്കുന്നുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

സഹായ വിതരണ കേന്ദ്രങ്ങൾക്ക് കാവൽ നിൽക്കുന്ന രണ്ട് യു.എസ് കോൺട്രാക്ടർമാർ എ.പിക്ക് നൽകിയ വിവരങ്ങൾക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വന്നത്. സഹായ വിതരണ കേന്ദ്രങ്ങൾക്ക് കാവൽ നിൽക്കാനായി നിയമിച്ച സുരക്ഷാ ജീവനക്കാർ പലപ്പോഴും യോഗ്യതയില്ലാത്തവരും, ആയുധധാരികളുമായിരുന്നു. അവർക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള തുറന്ന ലൈസൻസ് ഉണ്ടെന്നും കോൺട്രാക്ടർമാർ പറഞ്ഞു.

പട്ടിണി കിടക്കുന്ന ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങൾക്ക് ജി.എച്ച്.എഫ് സൗകര്യമൊരുക്കുന്നുവെന്ന് ആരോപിച്ച്, ഓക്സ്ഫാം, സേവ് ദി ചിൽഡ്രൻ, ആംനസ്റ്റി ഇന്റർനാഷണൽ എന്നിവയുൾപ്പെടെ 130ലധികം മാനുഷിക സംഘടനകൾ ചൊവ്വാഴ്ച ജി.എച്ച്.എഫ് ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു.

ഭക്ഷണം വാങ്ങാനായി എത്തുന്ന സാധാരണക്കാർക്ക് നേരെ ഇസ്രഈൽ സൈന്യം പതിവായി വെടിയുതിർക്കാറുണ്ടെന്ന് എൻ‌.ജി‌.ഒകൾ പറഞ്ഞു.

മെയ് അവസാനം ജി.എച്ച്.എഫ് പ്രവർത്തനം ആരംഭിച്ചതിനുശേഷം, ഭക്ഷണം വാങ്ങാനെത്തിയ 600ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും ഏകദേശം 4,200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിൽ കുറഞ്ഞത് 56,647 പേർ കൊല്ലപ്പെടുകയും 1,34,105 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യാക്രമണത്തിൽ ഇസ്രഈലിൽ 1,139 പേർ കൊല്ലപ്പെടുകയും 200 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇസ്രഈൽ ഗാസയിൽ വംശഹത്യ നടത്തുകയായിരുന്നു.

Content Highlight: Israel kills more than 300 in Gaza in 48 hours as possible truce in balance

We use cookies to give you the best possible experience. Learn more