ഗസ: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഗസയിൽ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ 70 ഓളം കുട്ടികൾ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് സർവീസ്. ഇരകളുടെ പ്രായത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഏജൻസി പുറത്ത് വിട്ടിട്ടില്ല. ഫലസ്തീൻ എൻക്ലേവിലുടനീളം നിരവധി പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ 70 കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് മാത്രമാണ് പറയുന്നത്.
പുതുവർഷത്തിൽ ഗസയിൽ ആക്രമണവും പട്ടിണിയും തണുപ്പും കാരണം കുഞ്ഞുങ്ങളുടെ മരണം വർധിച്ചിതായി യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ ചൂണ്ടിക്കാട്ടിയിരുന്നു.
‘പുതുവർഷം ഗസയിൽ കൂടുതൽ മരണങ്ങളും ആക്രമണങ്ങളും, ദാരിദ്ര്യവും, ആണ് കൊണ്ടുവന്നത്,’ ജനുവരി എട്ടിന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു.
അതേസമയം, ഉപരോധിച്ച പ്രദേശത്തുടനീളമുള്ള ഇസ്രഈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 28 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. അതിനിടെ, വടക്കൻ ഗസയിൽ ഇന്നലെ നാല് ഇസ്രഈൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലാണ് സംഭവം. ആറ് സൈനികർക്ക് പരിക്കേറ്റതായും ഇസ്രഈൽ പ്രതിരോധ സേന അറിയിച്ചു.
വടക്കൻ ഗാസയിലെ ബെയ്ത്ത് ഹാനൂനിൽ തോക്കുധാരി നടത്തിയ ആക്രമണത്തിലാണ് സംഭവമെന്ന് ഐ.ഡി.എഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. ഇതോടെ ഗസയിൽ കൊല്ലപ്പെട്ട ഇസ്രഈലി സൈനികരുടെ എണ്ണം 402 ആയതായി ഇസ്രഈൽ പറഞ്ഞു.
2023 ഒക്‌ടോബർ ഏഴിന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള പോരാളികൾ ഇസ്രഈലിലേക്ക് ഇരച്ചുകയറി 1,200ഓളം പേരെ കൊല്ലുകയും 250ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്.
100ഓളം ബന്ദികൾ ഇപ്പോഴും ഗസയിൽ ഉണ്ട്. ഇവരിൽ മൂന്നിലൊന്നെങ്കിലും ആദ്യ ആക്രമണത്തിൽ കൊല്ലപ്പെടുകയോ അടിമത്തത്തിൽ മരിക്കുകയോ ചെയ്തതായി ഇസ്രഈൽ അധികൃതർ കരുതുന്നു.
യുദ്ധം ഗസയുടെ വലിയ പ്രദേശങ്ങൾ നിരപ്പാക്കുകയും അതിലെ 2.3 ദശലക്ഷം ജനങ്ങളിൽ 90% ആളുകളെയും പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും പരിമിതമായ ലഭ്യതയോടെ തീരപ്രദേശത്ത് കൂടാര ക്യാമ്പുകളിൽ താമസിക്കുകയാണ്.
Content Highlight: Israel kills at least 70 children across Gaza in last 5 days alone