| Thursday, 12th June 2025, 8:33 am

ഭക്ഷണത്തിനായി കാത്തുനിന്നവരുൾപ്പടെ 24 മണിക്കൂറിനുള്ളിൽ ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയത് 120 ഫലസ്തീനികളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയത് 120 ഫലസ്തീനികളെഎന്ന റിപ്പോർട്ട്. ഇതിൽ ഭക്ഷണത്തിനായി കാത്തുനിന്ന 57 പേരും ഉൾപ്പെടുന്നു. ഇസ്രഈൽ ഉപരോധിച്ച പ്രദേശത്ത് നിരന്തരം ബോംബാക്രമണം തുടരുകയാണ്. ഇതോടെ യുദ്ധത്തിൽ മൊത്തം കൊല്ലപ്പെട്ടവരുടെ മരണസംഖ്യ ഇപ്പോൾ 55,000 കവിഞ്ഞതായി ഗസയിലെ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

ഇന്നലെ മുതൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ 120 പേർ കൊല്ലപ്പെടുകയും 363 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രിത മേഖലകളിൽ യു.എസ്, ഇസ്രഈൽ പിന്തുണയുള്ള ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) ആണ് സഹായ വിതരണം നടത്തുന്നത്.

മെയ് 27ന് ജി.എച്ച്.എഫ് പ്രവർത്തനം ആരംഭിച്ചതിനുശേഷം, തങ്ങളുടെ കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ ശ്രമിക്കുന്നതിനിടെ 220 ൽ അധികം ആളുകൾ കൊല്ലപ്പെട്ടുവെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

അതേസമയം വെസ്റ്റ് ബാങ്കിലെ നബ്ലസിന് തെക്ക് ഭാഗത്തുള്ള അൽ-ലുബ്ബാൻ അൽ-ഷാർഖിയ ഗ്രാമത്തിലെ ഫലസ്തീനികളുടെ വീടുകൾ പൊളിച്ചുമാറ്റാൻ ഓൺലൈനായും അല്ലാതെയും അതിർത്തിയിൽ താമസിക്കുന്ന ഇസ്രഈലികൾ പ്രചാരണം ആരംഭിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. പ്രചാരണത്തിന് പിന്നാലെ ഫലസ്തീനികൾ പലായനം ചെയ്യാൻ ആരംഭിച്ചെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതായും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

നബ്ലസ്, റാമല്ല നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ 20 ലധികം വീടുകൾ തകർക്കുമെന്ന് ഇസ്രഈലി കുടിയേറ്റക്കാർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

12 ദിവസം മുമ്പാണ് ഫലസ്തീനികളുടെ വീടുകൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാംപയിൻ ആരംഭിച്ചത്. പിന്നാലെ ഗ്രാമത്തിലെ പ്രധാന തെരുവിലെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും ഇസ്രഈൽ സൈന്യം പൊളിച്ചുമാറ്റണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ ഇസ്രഈലി കുടിയേറ്റക്കാർ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിനെത്തുടർന്ന് പ്രചാരണം ശക്തമായി.

Content Highlight: Israel kills at least 120 Palestinians, including 57 aid seekers, in 24 hours

We use cookies to give you the best possible experience. Learn more