| Wednesday, 29th October 2025, 8:33 am

ഗസയില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം; 33 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: സമാധാനകരാര്‍ നിലനില്‍ക്കുന്നതിനിടെ ഗസയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രഈല്‍. ഹമാസ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായി ഗസ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു.

ഗസ സിറ്റി, ബെയ്ത് ലാഹിയ, അല്‍ ബുറൈജ്, നുസൈറാത്ത്, ഖാന്‍ യൂനിസ് എന്നീ മേഖലകളിലാണ് ഇസ്രഈല്‍ ആക്രമണം നടത്തിയിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ മേഖലകളിലാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രങ്ങളിലും സ്‌കൂളുകളിലും ഷെല്‍ട്ടറുകളിലും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലുമാണ് ആക്രമണം നടന്നത്.

റഫയിലെ വെടിവയ്പ്പിനിടെ ഒരു ഇസ്രഈല്‍ സൈനികന് പരിക്കേറ്റിരുന്നു. ഈ വെടിവെപ്പിന് പിന്നില്‍ ഹമാസാണെന്ന് ആരോപിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇസ്രഈല്‍ സൈന്യം ഗസയില്‍ ഒന്നാകെ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, റഫയിലെ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും തങ്ങള്‍ വെടിനിര്‍ത്തിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് വ്യാജമായി ആരോപിക്കുന്നത് ഇസ്രഈല്‍ നിര്‍ത്തണമെന്നും ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗം സുഹൈല്‍ അല്‍-ഹിന്ദി പറഞ്ഞു.

ആക്രമണത്തെ തുടര്‍ന്ന് ഹമാസ് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം കൈമാറുന്നത് നിര്‍ത്തിവെച്ചു. ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസും ആരോപിച്ചു.

ആക്രമണത്തിനിടെ കാണാതായ ബന്ദികളുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തടസപ്പെടുത്തുമെന്നും വീണ്ടെടുക്കലിന് കാലതാമസമുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.

സമാധാന കരാർ നിലവിൽ വന്നതിന് ശേഷം ഇത് ആദ്യമായല്ല ഇസ്രഈൽ ഗസയിൽ ആക്രമണം നടത്തുന്നത്. നുസൈറത്തിൽ രണ്ട് ദിവസം മുമ്പും ഇസ്രഈൽ സേന വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു.

അതേസമയം, ഗസയിലെ വെടിനിർത്തൽ കരാർ ഇസ്രഈൽ 125 തവണ ലംഘിച്ചതായി ഫലസ്തീൻ മീഡിയ ഓഫീസ് പറഞ്ഞിരുന്നു. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇസ്രഈലിന്റെ ആക്രമണത്തിൽ 94 പേർ കൊല്ലപ്പെടുകയും 344ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Israel kills 33 in Gaza attacks, Hamas delays handover of captive’s remains

We use cookies to give you the best possible experience. Learn more