| Wednesday, 3rd September 2025, 8:23 am

ഗസ വംശഹത്യയില്‍ ഇസ്രഈല്‍ കൊലപ്പെടുത്തുന്നത് 249ാം മാധ്യമപ്രവര്‍ത്തകനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസാ മുനമ്പില്‍ ഇസ്രഈല്‍ സൈന്യം മറ്റൊരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി. 2023 ഒക്ടോബറില്‍ ടെല്‍ അവീവില്‍ നടന്ന തീരദേശ വംശഹത്യയെക്കുറിച്ച് അന്വേഷിക്കാനെത്തിയതിനിടെയാണ് മാധ്യമപ്രവര്‍ത്തന്‍ കൊല്ലപ്പെടുന്നത്.

ഇറാഖ് ആസ്ഥാനമായുള്ള അല്‍-മനാര മീഡിയ കമ്പനിയുടെ പത്രപ്രവര്‍ത്തകനും ബ്രോഡ്കാസ്റ്റ് എഞ്ചിനീയറുമായ ഐമാന്‍ ഹനിയെയാണ് ഇസ്രഈല്‍ സൈന്യം ചൊവ്വാഴ്ച കൊലപ്പെടുത്തിയത്. റസിസ്റ്റന്‍സ് മീഡിയ ഏജന്‍സികളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഗസ വംശഹത്യയില്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 249 ആയി.

വംശഹത്യയില്‍ ഉടനീളം ഇസ്രഈല്‍ ഭരണകൂടത്തിന്റെ ഏറ്റവും ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയമായ ഗസ നഗരത്തിലെ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപമാണ് ഐമാന്‍ കൊല്ലപ്പെട്ടത്.

ഗസ മുഴുവന്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രഈല്‍ ആക്രമണങ്ങള്‍ കടുപ്പിക്കുന്നത്. യുദ്ധ കെടുതിയില്‍ നിന്ന് പലായനം ചെയ്ത ദശലക്ഷത്തോളം ഫലസ്തീനികള്‍ ഇവിടെ താമസിക്കുന്നുണ്ടായിരുന്നു.

കൊല്ലപ്പെടുന്നതിന് മുമ്പ് ഇറാനിലെ അല്‍-അലം അറബി ടി.വി നെറ്റ്‌വര്‍ക്കിലെ ക്യാമറമാനും വാര്‍ത്ത ഏകോപന ഓഫീസറുമായ റാസ്മി ജിഹാദ് സലേമിന്റെ ശവസംസ്‌കാര ചടങ്ങില്‍ ഐമാന്‍ ഹനിയ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകന്റെ മരണത്തെക്കുറിച്ച് ഗസ സര്‍ക്കാര്‍ മാധ്യമ ഓഫീസ് അപലപിച്ചു. ഇസ്രഈലിന്റെ അധിനിവേശം പലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ വ്യവസ്ഥാപിതമായി ലക്ഷ്യം വെക്കുന്നു എന്നാണ് ഓഫീസ് അറിയിച്ചത്.

ഈ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രഈല്‍ ഭരണകൂടത്തിനെ പിന്തുണയ്ക്കുന്ന അമേരിക്ക, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നിവരാണ് പൂര്‍ണ ഉത്തരവാദികള്‍ എന്നും അത്തരം അതിക്രമങ്ങളെ അപലപിക്കാനും പത്രപ്രവര്‍ത്തകരെ സംരക്ഷിക്കാനും അന്താരാഷ്ട്ര സംഘടനകളുടെ ഓഫീസ് ആവശ്യപ്പെടുകയും ചെയ്തു.

തെക്കന്‍ ഗസയിലെ ആശുപത്രിയില്‍ ഇസ്രഈല്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങളില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ സൈന്യം കൊലപ്പെടുത്തിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും കൊലപാതകങ്ങള്‍ നടക്കുന്നത്.

മാത്രമല്ല ഗസയില്‍ അല്‍ ജസീറയുടെ മാധ്യമ സംഘത്തിനെ കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യം ലക്ഷ്യം വെച്ചിരുന്നു. അതില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

അതേസമയം ഗസയ്‌ക്കെതിരായ യുദ്ധത്തില്‍ ഇസ്രഈല്‍ കുറഞ്ഞത് 63,557 പേരെ കൊലപ്പെടുത്തിയാതായാണ് കണക്കുകള്‍. മാത്രമല്ല 348ഓളം പേര്‍ പട്ടിണി മൂലം ഗസയില്‍ കൊല്ലപ്പെട്ടതായും 160,660 പേര്‍ക്ക് ഇതുവരെ പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

Content Highlight: Israel kills 249th journalist in Gaza massacre

We use cookies to give you the best possible experience. Learn more