| Wednesday, 22nd October 2025, 9:05 am

രണ്ട് വര്‍ഷത്തിനിടെ ഇസ്രഈല്‍ കൊലപ്പെടുത്തിയത് 20000ത്തിലധികം വിദ്യാര്‍ത്ഥികളെയും 1037 അധ്യാപകരെയും: ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈല്‍ വംശഹത്യത്തില്‍ ഗസ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമായി 20000ലധികം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീനിയന്‍ വിദ്യാഭ്യാസ മന്ത്രാലയം. 2023 ഒക്ടോബര്‍ ഏഴിന് ശേഷമുള്ള കണക്കാണ് മന്ത്രാലയം പുറത്ത് വിട്ടത്. ഈ രണ്ട് വര്‍ഷത്തിനിടയില്‍ 31000 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.

ഗസയില്‍ 19910 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 30097 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. ഇസ്രഈല്‍ ആക്രമണത്തില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 148 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 1042 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.

ഇവര്‍ക്കൊപ്പം, 1037 അധ്യാപകരും 4740 അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും കൊല്ലപ്പെട്ടു. 4740 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, ഇരു മേഖലയിലെയും 228 പേര്‍ ഇസ്രഈലിന്റെ കസ്റ്റഡിയിലുമാണ്.

ഇസ്രഈല്‍ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപങ്ങളുടെ കണക്കും ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.

ഗസയില്‍ മാത്രം 179 വിദ്യാലയങ്ങളും 63 സര്‍വകലാശാലകളും ഇസ്രഈല്‍ പൂര്‍ണമായി നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടാതെ, 118 സര്‍ക്കാര്‍ സ്‌കൂളുകളും 100 യു.എന്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളും ഭാഗികമായി തകര്‍ത്തിട്ടുണ്ട്.

30 സ്‌കൂളുകളെ പൂര്‍ണമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക രജിസ്റ്ററില്‍ നിന്നും ഒഴിവാക്കിയെന്ന് മന്ത്രാലയം അറിയിച്ചു. ഈ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉള്‍പ്പെടെയാണ് രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്തത്.

ഇതിന് പുറമെ, അധിനിവേശ വെസ്റ്റ് ബാങ്കില്‍ രണ്ട് സ്‌കൂളുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ ഒമ്പത് സര്‍വകലാശാല കെട്ടിടങ്ങള്‍ ഭാഗികമായി നശിപ്പിക്കപ്പെട്ടുവെന്നും മന്ത്രാലയം അറിയിച്ചു.

നേരത്തെ ഫലസ്തീനിലെ സ്‌കൂളുകളെയും സര്‍വകലാശാലകളെയും ഇസ്രഈല്‍ തുടര്‍ച്ചയായി ലക്ഷ്യമിടുന്നുവെന്ന് മന്ത്രാലയം പറഞ്ഞിരുന്നു.

Content Highlight: Israel killed more than 20 thousand  students in two years: Palestinian Education Ministry

We use cookies to give you the best possible experience. Learn more