ഗസ: ഗസയിലെ ആശുപത്രി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി ഇസ്രഈല്‍ സൈന്യം. അബു യൂസഫ് അല്‍ നജ്ജര്‍ ഹോസ്പിറ്റല്‍ ഡയറക്ടറും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വക്താവുമായ ഡോ. മര്‍വാന്‍ അല്‍ ഹംസിനെയാണ് തട്ടിക്കൊണ്ട് പോയത്.
റെഡ് ക്രോസിന്റെ ഫീല്‍ഡ് ഹോസ്പിറ്റലിന് സമീപത്ത് വെച്ച് അബു യൂസഫിനെ അഭിമുഖം നടത്തുമ്പോഴാണ് സംഭവം. അഭിമുഖം എടുത്ത മാധ്യമപ്രവര്‍ത്തകന്‍ തമര്‍ അല്‍ സാനിനെ ഇസ്രഈല്‍ സൈന്യം വെടിവെച്ചുകൊന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആംബുലന്‍സിന് നേരെയും വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗസ ആരോഗ്യമന്ത്രാലയം ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഗസയിലെ മനുഷ്യരുടെ നിസഹായവസ്ഥ ലോകത്തിന് മുന്നില്‍ എത്തിച്ച ശബ്ദമായിരുന്നു അബു യൂസഫെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
‘പട്ടിണി കിടന്ന കുട്ടികളുടെ വേദനയും മരുന്ന് ലഭിക്കാതെ ദുരിതം അനുഭവിക്കുന്ന പരിക്കേറ്റവരുടേയും ആശുപത്രി കവാടങ്ങളിലെ അമ്മമാരുടെ നിലവിളികളേയും ലോകത്തിന് മുന്നില്‍ എത്തിച്ച ശബ്ദത്തെ ലക്ഷ്യം വിട്ട് നടത്തിയ ഭീരുത്വപൂര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്,’ പ്രസ്താവനയില്‍ പറയുന്നു.
ലോകത്തില്‍ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന, ഏറ്റവും മോശം ആരോഗ്യാവസ്ഥയുള്ള ജനതയുടെ സത്യങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നടന്നത് യുദ്ധക്കുറ്റമാണെന്ന് ഗസ മീഡിയ ഓഫീസും പ്രതികരിച്ചു. അടിസ്ഥാന നിയമങ്ങളുടെ ഗുരുതരമായ ലംഘനാണ് നടന്നതെന്നും സംഭവത്തില്‍ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും ഇത്തരത്തിലുള്ള ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും മീഡിയ ഓഫീസ് പ്രതികരിച്ചു.
ലോകാരോഗ്യ സംഘടന, ഐ.സി.ആര്‍.എസ് മറ്റ് ആഗോള സ്ഥാപനങ്ങള്‍ എന്നിവ ഈ അതിക്രമത്തെ അപലപിക്കണമെന്ന് ഹമാസും ആവശ്യപ്പെട്ടു. തടവിലാക്കപ്പെട്ട ഫലസ്തീന്‍ മെഡിക്കല്‍ തൊഴിലാളികളെ മോചിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ഹമാസ് ആവര്‍ത്തിച്ചു.
അതേസമയം അല്‍ ഹംസിനെ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇസ്രഈല്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇസ്രഈല്‍ സൈന്യമോ സര്‍ക്കാരോ പ്രസ്താവനകളൊന്നും പുറത്ത് വിട്ടിട്ടുമില്ല. ഗസയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുണ്ടെന്ന് ഇസ്രഈല്‍ മുമ്പ് ആരോപിച്ചിരുന്നു.
മുമ്പ് ഇസ്രഈല്‍ ഇതുപോലെ കസ്റ്റഡിയില്‍ എടുത്ത കമല്‍ അദ്‌വാന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. അബു സഫിയ ഇപ്പോഴും ഇസ്രഈല്‍ തടവറകളില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുകയാണെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
Content Highlight: Israel kidnaps Gaza hospital director during interview; journalist interviewed also killed