| Wednesday, 16th September 2026, 7:21 am

ഹമാസിന്റെ റഫാ കമാന്‍ഡറെ വധിച്ചതായി ഇസ്രഈല്‍; ഗസയില്‍ ഒരു കുട്ടിയടക്കം രണ്ടുപേരും ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

റെന്വര്‍ പി

ജെറുസലേം: ഹമാസിന്റെ റഫാ ബ്രിഗേഡ് കമാന്‍ഡറെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുത്തിയെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. കഴിഞ്ഞ ദിവസം തെക്കന്‍ ഗസ മുനമ്പില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് റഫ ബ്രിഗേഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതെന്നും കാറ്റ്‌സ് പറഞ്ഞു.

തെക്കന്‍ ഗസ മുനമ്പില്‍ ഹമാസിന്റെ ഒരു ‘ഉന്നത’ നേതാവിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായെന്ന് ഇസ്രഈല്‍ സൈന്യവും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ കാറ്റ്‌സിന്റെ പ്രതികരണം പുറത്തുവരുന്നത്.

റഫാ ബ്രിഗേഡ് കമാന്‍ഡര്‍ നായേല്‍ അബു ഒബൈദിനെ ഇസ്രഈയല്‍ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഫലസ്തീനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ‘ഗസ മുനമ്പില്‍ അവശേഷിക്കില്ല’ എന്നതാണ് ഇസ്രഈലിന്റെ സന്ദേശമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി കാറ്റ്‌സും പ്രഖ്യാപിച്ചെന്നും ടി.ആര്‍.ടി റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 മെയ് മാസത്തിലാണ് അബു ഒബൈദ് റഫാ ബ്രിഗേഡിന്റെ ചുമതലയേറ്റത്. അന്ന് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ കമാന്‍ഡര്‍ മുഹമ്മദ് ഷബാനയ്ക്ക് പകരക്കാരനായിട്ടായിരുന്നു അബു ഒബൈദ് സ്ഥാനമേറ്റതെന്നും ടി.ആര്‍.ടി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇസ്രഈല്‍ കൊലപ്പെടുത്തുന്ന നാലാമത്തെ ഫലസ്തിന്‍ നേതാവാണ് അബു ഒബൈദ്. വെള്ളിയാഴ്ച ഖാന്‍ യൂനിസ് മേധാവി അല്‍-യസൂരിയെ ഇസ്രഈല്‍ വധിച്ചിരുന്നു. അതിന് ദിവസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ഗാസയിലെ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറും ഒരു ഇസ്‌ലാാമിക് ജിഹാദ് കമാന്‍ഡറും ഒരു ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യസൂരിയെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വധിച്ചതായി ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റഫ കമാന്‍ഡറെ ഇസ്രഈല്‍ വധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അതേസമയം, ഗസയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ഇസ്രഈല്‍ സിവിലിയന്‍മാരെ കൊലപ്പെടുത്തുന്നതും തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ കുറഞ്ഞത് രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ വിഭാഗം അറിയിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പരിക്കേറ്റ നിരവധി ഫലസ്തീനികളെയും ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ എത്തിച്ചതായി ഫലസ്തീന്‍ ആരോഗ്യ വിഭാഗം അറിയിച്ചതായി സിന്‍ഹുവ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി മേഖലയിലെ അല്‍-സുമൂദ് ക്യാമ്പിന് നേര്‍ക്കായിരുന്നു ആക്രമണം. അവിടെ താമസിച്ചിരുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ ഇസ്രാഈല്‍ വിമാനം മൂന്ന് മിസൈലുകള്‍ വര്‍ഷിച്ചതായി പ്രദേശ വാസികളെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ അഭയാര്‍ത്ഥി ക്യാമ്പിലെ കൂടാരങ്ങള്‍ക്ക് തീപിടിച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

ഗസയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിന് ശേഷം മാത്രം ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,375 ആയി വര്‍ധിച്ചെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സെപ്റ്റംബര്‍ 15-ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ മന്ത്രാലയം വ്യക്തമാക്കി. 2025 ഒക്ടോബര്‍ 11 മുതല്‍ ഇതുവരെയുണ്ടായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഏകദേശം 4,686 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

2023 ഒക്ടോബര്‍ എട്ട് മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യപരമായ യുദ്ധത്തില്‍ ആകെ 73,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1,74,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 90 ശതമാനവും ഇസ്രഈല്‍ ആക്രമണങ്ങളില്‍ തകരുകയും ചെയ്തു.

Content Highlight: Israeli Defence Minister Israel Katz says the commander of Hamas’s Rafah Brigade was killed in an Israeli air attack in southern occupied Gaza.

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more