| Wednesday, 2nd September 2026, 10:53 pm

'ഗസയിലെ ഫലസ്തീന്‍ ജനതയെ പുറത്താക്കാന്‍ പദ്ധതി'; യു.എസ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഇസ്രഈല്‍ മന്ത്രി

റെന്വര്‍ പി

ജറുസലേം: ഗസയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ പുറത്താക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യു.എസിന്റെ ഒരു അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. അവരെ എവിടേക്ക് മാറ്റണമെന്ന കാര്യം യു.എസ് തീരുമാനിക്കാനായാണ് ഇപ്പോള്‍ കാത്തിരിക്കുന്നതെന്നും കാറ്റ്‌സ് പറഞ്ഞതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘ഈ കുടിയൊഴിപ്പിക്കലല്ലാതെ ഗസയുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പരിഹാരമില്ല,’ എന്നും ഒരു സമ്മേളനത്തില്‍ സംസാരിക്കവെ കാറ്റ്‌സ് പറഞ്ഞു. കടല്‍ മാര്‍ഗവും ആകാശ മാര്‍ഗവും അടക്കം സാധ്യമായ എല്ലാ വഴികളിലൂടെയും അവരെ പുറത്താക്കാന്‍ ഇസ്രഈല്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പറയുന്നു. ഈജിപ്ത് തയ്യാറല്ലാത്തതിനാല്‍ അത് വഴി അവരെ പുറത്താക്കില്ലെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

ഗസയിലെ ജനത്തെ കുടിയൊഴിപ്പിച്ച് അവിടെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് 2025ല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. രണ്ട് ദശലക്ഷത്തോളം വരുന്ന ഫലസ്തീന്‍ ജനതയെ ഗസയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് ഇത്തരമൊരു നീക്കം നടത്തുമെന്നായിരുന്നു ട്രംപിന്റെ അന്നത്തെ പ്രഖ്യാപനം.

ട്രംപിന്റെ പ്രഖ്യാപനത്തെ അന്ന് ഫലസ്തീന്‍ ജനത അപലപിച്ചിരുന്നു. ആഗോള തലത്തിലും അന്ന് ട്രംപിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമായ ഈജിപ്തില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ട്രംപ് പിന്നീട് ഈ പദ്ധതിയില്‍ നിന്ന് പിന്മാറുകയും ചെയ്തു.

അതേസമയം, ട്രംപ് അന്നത്തെ തീരുമാനം മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രയേല്‍ കാറ്റ്‌സ് ഇപ്പോള്‍ അവകാശപ്പെടുന്നു. ഗസയില്‍ നിന്ന് ഫലസ്തീന്‍ ജനത്തെ ഈജിപ്തിലേക്ക് മാറ്റാനുള്ള സാധ്യതയില്ലാത്തതിനാലായിരുന്നു ട്രംപ് അന്ന് ആ പദ്ധതി മരവിപ്പിച്ചതെന്നും കാറ്റ്‌സ് പറയുന്നു.

ഫലസ്തീന്‍ ജനതയെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒരു രാജ്യത്തിനായി ട്രംപ് തിരയുകയാണ്. അങ്ങനെ ഒരു രാജ്യത്തെ കണ്ടെത്തിയാല്‍ ഗസയില്‍ ഒഴിപ്പിക്കല്‍ നടത്തുമെന്നും കാറ്റ്‌സ് പറഞ്ഞു. ‘പദ്ധതി റദ്ദാക്കിയിട്ടില്ല; ഇപ്പോഴും അത് എല്ലായ്പ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു, എല്ലാവരുടെയും നന്മയ്ക്കായി മറ്റൊരു പരിഹാരവുമില്ലെന്ന് ഞാന്‍ കരുതുന്നു,’ കാറ്റ്‌സ് അവകാശപ്പെട്ടു.

‘അത് സംഭവിക്കണമെങ്കില്‍, നമുക്ക് യു.എസിനെ ആവശ്യമാണ്. എപ്പോഴാണ് നമുക്ക് അവരുടെ അംഗീകാരം ലഭിക്കുക? വെടിനിര്‍ത്തല്‍ പ്രകാരം ഹമാസ് അവരുടെ ബാധ്യതകള്‍ നിറവേറ്റുന്നില്ലെന്ന് വ്യക്തമാകുമ്പോഴാണ് ആ അംഗീകാരം ലഭിക്കുക’, കാറ്റ്‌സ് പറഞ്ഞു. ഗാസയിലെ 80 ശതമാനം ആളുകളും അവിടം വിട്ട് പോകാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഹമാസ് അവരെ തടയുകയായിരുന്നെന്നും ഇസ്രയേല്‍ കാറ്റ്‌സ് അവകാശപ്പെടുന്നു.

അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് സാധാരണക്കാരെ കുടിയിറക്കുന്നത് ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം കുറ്റകരമായ കാര്യമാണ്. ഇതിനെ യുദ്ധക്കുറ്റകൃത്യമായാണ് ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പ്രകാരം കണക്കാക്കുന്നത്. യുദ്ധക്കുറ്റങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഗസയില്‍ നിന്ന് വിട്ട് പോകാന്‍ ഫലസ്തീന്‍ ജനതയെ പ്രേരിപ്പിക്കുന്നതിനായി പ്രചാരണ പദ്ധതികള്‍ ഇസ്രഈല്‍ നടത്തുന്നുണ്ട്. ‘സ്വമേധയാ ഉള്ള കുടിയിറക്കം’ എന്ന പേരായിരുന്നു ഈ പുറത്താക്കലിനായി നേരത്തെ ഇസ്രഈല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ ഇതിന് പകരം ‘സഞ്ചാര സ്വാതന്ത്ര്യ പദ്ധതി’ എന്ന പേര് ഇസ്രഈല്‍ ഉപയോഗിക്കാനും തുടങ്ങിയിരുന്നു.

‘സ്വമേധയാ ഉള്ള കുടിയിറക്കം’ എന്ന പദം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മൊസാദിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേലിന്റെ ചാനല്‍ 13 അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫലസ്തീനികളെ ഗാസ വിടാന്‍ പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്രായേലിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ ഷ്മുവല്‍ ബെന്‍ എസ്ര അടിയന്തര യോഗം ചേര്‍ന്നതായി ഹാരെറ്റ്‌സ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടിയിറക്കപ്പെട്ട ഫലസ്തീനികളെ സ്വീകരിക്കാന്‍ തയ്യാറുള്ള ഒരു രാജ്യത്തെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മൊസാദ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Content Highlight: Israel Katz says Palestinians will leave Gaza

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more