| Thursday, 22nd May 2025, 2:07 pm

ഗസയില്‍ നിരപരാധികളെയാണ് ഇസ്രഈല്‍ കൊന്നുടുക്കുന്നത്; നെതന്യാഹുവിനെതിരെ മുന്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയില്‍ നിരപരാധികളായ ഫലസ്തീനികളെ നെതന്യാഹു സര്‍ക്കാര്‍ കൊന്നൊടുക്കുകയാണെന്ന് മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ട്. ഗസയിലെ ഇസ്രഈല്‍ നടപടികള്‍ യുദ്ധക്കുറ്റത്തിന് അടുത്ത് നില്‍ക്കുന്നതാണെന്നും എഹുദ് പറഞ്ഞു. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് എഹുദിന്റെ പരാമര്‍ശം.

നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതിനോടൊപ്പം ഇല്ലാതാകുന്നത് നിരപരാധികളായ കുറേ ഇസ്രഈല്‍ സൈനികരാണെന്നും എഹുദ് പറഞ്ഞു. ബന്ദികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഒരു നേട്ടവും ഇസ്രഈല്‍ കൈവരിച്ചിട്ടില്ലെന്നും യുദ്ധത്തിന് ഒരു അന്തിമ ലക്ഷ്യമില്ലെന്നും എഹുദ് വിമര്‍ശിച്ചു.

ഹമാസിനോടാണ് പോരാടേണ്ടത്, സാധാരണക്കാരനോടല്ലെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ പ്രതികരണത്തിന് പിന്നാലെ എഹുദിനെ വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി.

‘എഹുദ്… നിങ്ങള്‍ സ്വയം ലജ്ജിക്കണം’ വിദ്യാഭ്യാസ മന്ത്രി യോവ് കിഷ് വിമര്‍ശിച്ചു. നമ്മെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടാന്‍ ഐ.ഡി.എഫ് സൈനികര്‍ ജീവന്‍ പണയപ്പെടുത്തുമ്പോള്‍ പിന്നില്‍ നിന്ന് കുത്താനാണ് എഹുദ് ശ്രമിക്കുന്നതെന്നും കിഷ് പറഞ്ഞു.

‘അതേ ശരിയാണ്… ഗസയില്‍ നിരപരാധികളുണ്ട്. കൃത്യമായി പറഞ്ഞാല്‍ 58 പേര്‍. എഹുദ് നിങ്ങള്‍ ആധുനിക നാസിസത്തിനെതിരെ പോരാടുന്ന പോരളികളുടെ മുഖത്ത് തുപ്പുകയാണ്,’ ഇസ്രഈലി സാമൂഹിക-സമത്വ മന്ത്രി മെയ് ഗോലാന്‍ പ്രതികരിച്ചു. എഹുദ് ഹമാസിന്റെ വക്താവാണെന്ന വിമര്‍ശനവുമുണ്ട്.

നേരത്തെ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി എഹുദ് ബരാക് രംഗത്തെത്തിയിരുന്നു.

നെതന്യാഹു ഇസ്രഈലിനോടാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് എഹുദ് ബരാക് പറഞ്ഞത്. ചാനല്‍ 13നോട് സംസാരിക്കുന്നതിനിടെയാണ് ബരാക് നെതന്യാഹുവിനെതിരെ രംഗത്തെത്തിയത്.

നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ് മിയാര സമ്മര്‍ദം ചെലുത്തണമെന്നും ബരാക് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയെ നീക്കം ചെയ്യുന്നത് തടയുന്ന ബില്ല് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി വിധി ഉദ്ധരിച്ചായിരുന്നു ബരാക്കിന്റെ പ്രതികരണം.

നെതന്യാഹുവിനെ അട്ടിമറിക്കാന്‍ കൂട്ടത്തോടെ സിവില്‍ അനുസരണക്കേട് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബാരക്കിനെതിരെയും നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയും നേതാക്കളും രംഗത്തെത്തിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിച്ചെന്ന കേസിലെ പ്രതി ജെഫ്രി എപ്സ്റ്റീനുമായി 30ലധികം തവണ കൂടിക്കാഴ്ച നടത്തിയ എഹുദില്‍ നിന്ന് ധാര്‍മികമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കില്ലെന്നാണ് ലികുഡ് പാര്‍ട്ടി പ്രതികരിച്ചത്.

Content Highlight: Israel is killing innocent people in Gaza; Former Prime Minister Ehud Olmert also speaks out against Netanyahu

We use cookies to give you the best possible experience. Learn more