| Monday, 7th September 2026, 8:33 am

ലെബനനില്‍ ഇസ്രഈല്‍ നടത്തുന്നത് കൊലപാതക മത്സരം; തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ 'രക്ത രൂക്ഷിത ബാലറ്റ് പെട്ടിയാക്കി': പാര്‍ലമെന്റ് സ്പീക്കര്‍

നിഷാന. വി.വി

ബെയ്‌റൂത്ത്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഇസ്രഈല്‍ ലെബനനെയും അവിടുത്തെ ജനങ്ങളെയും ഒരു ‘രക്തരൂഷിതമായ ബാലറ്റ് പെട്ടി’യാക്കി മാറ്റിയിരിക്കുകയാണെന്ന് ലെബനന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെറി.

ആര്‍ക്കാണ് കൂടുതല്‍ ലെബനീസ് നിവാസികളെ കൊല്ലാനും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്താനും കഴിയുന്നത് എന്ന ക്രൂരമായ മത്സരമാണ് ഇസ്രഈല്‍ രാഷ്ട്രീയ-സൈനിക നേതൃത്വം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വരാനിരിക്കുന്ന ഒക്ടോബര്‍ ഏഴിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സയണിസ്റ്റ് ഭരണകൂടം തങ്ങളുടെ സ്വാര്‍ത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ലബനീസ് ജനതയെ ഉപകരണമാക്കുകയാണ്. നിലവിലുള്ള എല്ലാ വെടിനിര്‍ത്തല്‍ ധാരണകളും കരാറുകളും ലംഘിച്ചുകൊണ്ടാണ് ഇസ്രഈല്‍ മുന്നോട്ട് പോകുന്നത്,’ ബെറി പറഞ്ഞു.

നബാതിയ അല്‍-ഫൗഖയിലെ ഘാന്തൂര്‍ ആശുപത്രി ഇസ്രഈലി വ്യോമാക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നതിന് പിന്നാലെയായിരുന്നു സ്പീക്കറുടെ പ്രസ്താവന. നബാതിയ ജില്ലയിലുണ്ടായ ഇസ്രഈലി ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള ഈ ആക്രമണങ്ങള്‍ പച്ചയായ ഭീകരപ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് രണ്ട് മുതല്‍ ഇസ്രഈല്‍ തുടരുന്ന ശക്തമായ ആക്രമണങ്ങളില്‍ ഇതുവരെ 17 ആശുപത്രികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ തകരുകയോ ചെയ്തിട്ടുണ്ട്.

മാര്‍ച്ച് മുതല്‍ ലെബനന് നേരെ നടക്കുന്ന ഇസ്രഈല്‍ അധിനിവേശത്തില്‍ ഇതുവരെ 4,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 12,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ലബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളെ തുടര്‍ന്ന് 10 ലക്ഷത്തിലധികം ജനങ്ങളാണ് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്.

ഈ ക്രൂരമായ അതിക്രമങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ബെറി ആവശ്യപ്പെട്ടു. രാജ്യത്തിനെതിരെയുള്ള ഈ അധിനിവേശത്തെ ചെറുക്കാന്‍ എല്ലാ ലബനീസ് വിഭാഗങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പാര്‍ലമെന്റ് സ്പീക്കര്‍ ആഹ്വാനം ചെയ്തു.

Content Highlight: Israel is engaging in a ‘killing spree’ in Lebanon; it has turned the ballot box ‘blood-stained’ to gain electoral advantage, says the Parliament Speaker.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more