മ്യൂണിക്: ഇസ്രഈലിന് ജര്‍മനി നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് മ്യൂണിക്കിലും ഉന്നയിലും നടന്ന സൈനിക ദിന പരിപാടികള്‍ തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂലികള്‍.
ഇസ്രഈലിന് ജര്‍മനി നല്‍കുന്ന സൈനിക പിന്തുണയിലും ആയുധ കയറ്റുമതിയിലും പ്രതിഷേധിച്ചാണ് നടപടി. പീസ്ഫുള്ളി എഗെയ്ന്‍സ്റ്റ് ജെനോസൈഡ് (Peacefully Against Genocide ) എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്.
പരിപാടികളില്‍ പ്രദര്‍ശിപ്പിച്ച സൈനിക ഉപകരണങ്ങള്‍ പ്രധാനമായും നിര്‍മിച്ചത് ഇസ്രഈലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്ന ജര്‍മന്‍ പ്രതിരോധ കമ്പനിയായ റെയിന്‍മെറ്റാല്‍ ആണെന്നും ജൂലൈയില്‍ ബെര്‍ലിന്‍ നഗര മധ്യത്തില്‍ ഒരു പുതിയ ഫാക്ടറി തുറക്കാന്‍ ഇവര്‍ പദ്ധതിയിടുന്നതായും പ്രതിഷേധക്കാര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ പ്രകാരം, പ്രതിഷേധക്കാര്‍ സൈനിക ടാങ്കുകള്‍ക്ക് മുകളില്‍ കയറുകയും ‘ജര്‍മന്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള വംശഹത്യ’ എന്ന് എഴുതിയ ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തു.
വിദേശ രാജ്യങ്ങളിലെ യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ജര്‍മന്‍ നിര്‍മിത ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലേക്ക് പൊതുജന ശ്രദ്ധ തിരിക്കാനാണ് തങ്ങള്‍ ഈ ദിനം തെരഞ്ഞെടുത്തതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ഹനസ് എന്നയാള്‍ പറഞ്ഞു.
ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് കൊലപാതക യന്ത്രങ്ങളെ മഹത്വവല്‍ക്കരിക്കുകയാണ് ഈ പരിപാടിയിലൂടെ ചെയ്യുന്നതെന്നും, ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നതിലൂടെ അവര്‍ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളിലും ജര്‍മന്‍ സര്‍ക്കാരിനും ആയുധ വ്യവസായത്തിനും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: Israel is being supplied with weapons; Palestinian supporters disrupt Armed Forces Day event in Germany