| Friday, 20th June 2025, 7:30 am

ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷം; പുതിയ ഇന്റലിജന്‍സ് മേധാവിയെ നിയമിച്ച് ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: പുതിയ ഇന്റലിജന്‍സ് മേധാവിയെ നിയമിച്ച് ഇസ്രഈല്‍ സേന. ഇസ്രഈല്‍ ആക്രമണത്തില്‍ മുന്‍ മേധാവി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.ആര്‍.ജി.സി കമാന്റര്‍ മേജര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍ ബ്രിഗേഡിയര്‍ ജനറല്‍ മജീദ് ഖദാമിയെയാണ് പുതിയ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചതെന്ന് വാര്‍ത്ത ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഞായറാഴ്ച കൊല്ലപ്പെട്ട മുഹമ്മദ് കസെമി, മറ്റ് രണ്ട് റെവല്യൂഷണറി ഗാര്‍ഡ് ഓഫീസര്‍മാരായ ഹസന്‍ മൊഹാഗെഗ്, മൊഹ്സെന്‍ ബാഗേരി എന്നിവരുടെ പിന്‍ഗാമിയായാണ് പക്പൂര്‍ സ്ഥാനമേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏഴ് ദിവസമായി ഇസ്രഈലും ഇറാനും സംഘര്‍ഷം തുടരുകയാണ്. വന്‍ തോതിലുള്ള നാശനഷ്ടങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തില്‍ ഇറാന്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഘടിപ്പിച്ച മിസൈലുകള്‍ പരീക്ഷിച്ചതായി ഇസ്രഈല്‍ പറഞ്ഞിരുന്നു. സിവിലിയന്‍സിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിസൈല്‍ ഉപയോഗിച്ചതെന്നും ഇസ്രഈല്‍ ആരോപിക്കുന്നുണ്ട്.

ചാവുകടലിന് മുകളിലൂടെ പോയ ഇറാനില്‍ നിന്നും വിക്ഷേപിച്ച ഡ്രോണുകള്‍ ഇസ്രഈല്‍ തടഞ്ഞതായും പുലര്‍ച്ചയെ 3 മണിക്കിടെ സൈറണുകള്‍ മുഴങ്ങിയതായും ഇസ്രഈല്‍ സേന പറയുന്നു.

അതേസമയം സംഘര്‍ഷ സാഹചര്യത്തില്‍ രാഷ്ട്രം ഐക്യത്തോടെ തുടരുമെന്നും ബാഹ്യ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ പറഞ്ഞിരുന്നു. അമേരിക്കയുടെ ഏതൊരാക്രമണവും പരിഹരിക്കാന്‍ കഴിയാത്ത രീതിയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഖാംനഇ പറഞ്ഞിരുന്നു.

സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇസ്രഈലില്‍ 24 പേരും ഇറാനിന്റെ അവസാന അപ്‌ഡേറ്റ് പ്രകാരം 224 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ 639 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് വാഷിങ്ടണ്‍ ആസ്ഥാനമാക്കിയുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ഏജന്‍സി വ്യക്തമാക്കിയിരുന്നു.

Content Highlight: Israel-Iran conflict; Iran appoints new intelligence chief

We use cookies to give you the best possible experience. Learn more