റഫ: ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രഈല്‍ ഗസയിലെ സമാധാന കരാര്‍ ലംഘിച്ചത് 80 തവണ. കരാര്‍ ലംഘിച്ച് ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസയിലെ മീഡിയ ഓഫീസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇക്കാലയളവില്‍ ഗസയിലെ സാധാരണക്കാര്‍ക്ക് നേരെ ഇസ്രഈല്‍ വെടിയുതിര്‍ത്തെന്നും മനഃപൂര്‍വം ഷെല്ലാക്രമണം ഉള്‍പ്പെടെ നടത്തിയെന്നും മീഡിയ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നിരവധി ഫലസ്തീനികള്‍ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടതായും പറയുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ അനുസരിച്ച് ഗസയിലെ ഫലസ്തീനികള്‍ക്ക് സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ ഉണ്ടാകണമെന്നും മീഡിയ ഓഫീസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഗസയിലെ യുദ്ധം തുടരാന്‍ ഇസ്രഈല്‍ മന്ത്രിമാര്‍ ആഹ്വാനം ചെയ്തിരുന്നു. ഇസ്രഈല്‍ വിദേശകാര്യ മന്ത്രി അമിഛായ് ചിക്ലിയാണ് ഗസയില്‍ വീണ്ടും യുദ്ധത്തിന് ആഹ്വാനം ചെയ്തത്. ഹമാസ് നിലനില്‍ക്കുന്നിടത്തോളം കാലം ഗസയില്‍ യുദ്ധം തുടരുമെന്നാണ് ഇസ്രഈല്‍ വിദേശകാര്യമന്ത്രി പറഞ്ഞത്.
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടരുന്നത്. ഇതിനുപുറമെ ഗസയില്‍ തടവിലാക്കപ്പെട്ട മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കും വരെ റഫ അതിര്‍ത്തി അടച്ചിടുമെന്നും ഇസ്രഈല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഗസയിലേക്കുള്ള മാനുഷിക സഹായത്തേയും തടസപ്പെടുത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച മാത്രം വെസ്റ്റ് ബാങ്കിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 22 ഫലസ്തീനികളെ ഇസ്രഈല്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഇസ്രഈല്‍ ആക്രമണം തുടരുമ്പോഴും ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ ഉണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
നിലവിലെ കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 68,159 പേര്‍ കൊല്ലപ്പെടുകയും 170,203 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Israel has violated the ceasefire in Gaza 80 times since October 10