ടെഹ്റാന്‍: ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ ഹോട്ടൽ താമസിനുള്ള ധനസഹായം ഇസ്രഈല്‍ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഒന്നോടെ ധനസഹായം നിര്‍ത്തലാക്കുമെന്നാണ് വിവരം. ടൈംസ് ഓഫ് ഇസ്രഈലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ധനസഹായം നിര്‍ത്തലാക്കുമെന്ന വിവരം ഇസ്രഈല്‍ നികുതി അതോറിറ്റി പൗരന്മാരെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ബദല്‍ മാര്‍ഗമുണ്ടാക്കുമെന്ന് അധികൃതര്‍ അറിയിച്ചതായും വിവരമുണ്ട്.
മെഡിക്കല്‍ അസൗകര്യങ്ങളുള്ളവരെ ഹോട്ടലുകളില്‍ തന്നെ ധനസഹായത്തോടെ തുടരാന്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള പ്രത്യേക സാഹചര്യങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇസ്രഈല്‍ പറയുന്നു.
ധനസഹായം തുടരണമെന്നുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ജൂലൈ 18 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷ ഫോമുകള്‍ പൂരിപ്പിക്കുന്നതിനായി ടാക്‌സ് അതോറിറ്റിയുടെ സഹായമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
12 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഇറാനിലും ഇസ്രഈലിലും കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ 935 ആളുകളാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. 5332 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രഈലില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. 3400 ലധികം ആളുകള്‍ക്ക് പരിക്കുമേറ്റിരുന്നു. ജൂണ്‍ 13ന് ഇറാനിലെ സൈനിക, ആണവ, സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തിയതോടെയാണ് ഇറാന്‍ തിരിച്ചടിച്ചത്.
ഇസ്രഈലിനെ പിന്തുണച്ച് ജൂണ്‍ 22ന് പുലര്‍ച്ചെ ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ആക്രമണം നടത്തി. യു.എസ് ആക്രമണത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
എന്നാല്‍ അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നെന്ന് അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അതേസമയം ട്രംപിന്റെ വാദം പെന്റഗണ്‍ തള്ളുകയായിരുന്നു.
ആക്രമണത്തിന്റെ ഫലമായി ഇറാന്റെ ആണവ പദ്ധതി ഏകദേശം ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പിന്നോട്ട് പോയിട്ടുണ്ടെന്നും എന്നാല്‍ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യു.എസ് ആക്രമണത്തിന് സാധിച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ പെന്റഗണ്‍ ശേഖരിച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പിലെ മുഖ്യ വക്താവ് വെളിപ്പെടുത്തുകയായിരുന്നു.
Content Highlight: Israel to cut funding for hotel stays of thousands displaced by Iranian retaliation