| Monday, 23rd November 2026, 10:12 pm

മധ്യസ്ഥരെ സംരക്ഷിക്കുന്ന യു.എന്‍ പ്രമേയം: ചര്‍ച്ചാ പ്രതിനിധികളെ വധിക്കാനുള്ള നീക്കങ്ങള്‍ക്ക് തടസമാകുമെന്ന ആശങ്കയില്‍ ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യുദ്ധ വിരാമചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മധ്യസ്ഥരെയും പ്രതിനിധികളെയും സംരക്ഷിക്കാന്‍ ഖത്തര്‍ പിന്തുണയ്ക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ആശങ്കയുയര്‍ത്തി ഇസ്രഈല്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഹമാസ് അംഗങ്ങളെ വധിക്കാനുള്ള ഇസ്രഈല്‍ നീക്കങ്ങള്‍ക്ക് പുതിയ പ്രമേയം നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഇസ്രഈലിന്റെ ആശങ്ക.

മധ്യസ്ഥര്‍, ചര്‍ച്ചാ പ്രതിനിധികള്‍, മധ്യസ്ഥ സംഘങ്ങള്‍, സഹായ ജീവനക്കാര്‍, സിവില്‍ സമൂഹ പ്രതിനിധികള്‍ എന്നിവര്‍ക്കെതിരായ ആക്രമണങ്ങളെയും ഭീഷണികളെയും ശക്തമായി അപലപിക്കുന്നതാണ് കരട് പ്രമേയം. അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകള്‍ പാലിച്ച് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അംഗരാജ്യങ്ങളോട് പ്രമേയം ആവശ്യപ്പെടുന്നു.

സായുധ സംഘങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കും ഈ സംരക്ഷണം ബാധകമാകും. കൊളോണിയല്‍ ഭരണത്തിനോ വിദേശ അധിനിവേശത്തിനോ കീഴിലുള്ള ജനതകളുടെ സ്വയംനിര്‍ണയാവകാശം സംബന്ധിച്ച പരാമര്‍ശങ്ങളും കരടിലുണ്ട്. മധ്യസ്ഥശ്രമങ്ങളില്‍ യു.എന്‍ സെക്രട്ടറി ജനറലിന്റെ പങ്ക് കൂടുതല്‍ ശക്തമാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

‘ഭീകരസംഘടനകള്‍’ എന്ന് ഇസ്രഈല്‍ വിശേഷിപ്പിക്കുന്ന സംഘടനകളില്‍ പെട്ടവരും സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുമായ വ്യക്തികളെ വധിക്കാനുള്ള ഇസ്രഈലിന്റെ നടപടികള്‍ക്കെതിരെ പുതിയ പ്രമേയത്തിലെ വ്യവസ്ഥകള്‍ ഉപയോഗിക്കപ്പെടുമെന്നാണ് ഇസ്രഈല്‍ ഉദ്യോഗസ്ഥരുടെ ആശങ്ക.

കരട് പ്രമേയത്തില്‍ ഇസ്രഈലിന്റെയോ ഹമാസിന്റെയോ പേരുകള്‍ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ഇത് ഇസ്രഈലിനെതിരായ നയതന്ത്ര സമ്മര്‍ദം വര്‍ധിപ്പിക്കുമെന്ന് അവര്‍ കരുതുന്നതായി റിപ്പോര്‍ട്ടുണ്ട്യ

2025 സെപ്റ്റംബര്‍ ഒമ്പതിന് ദോഹയില്‍ ഹമാസിന്റെ ചര്‍ച്ചാസംഘത്തെ വധിക്കാന്‍ ഇസ്രഈല്‍ ശ്രമം നടത്തിയിരുന്നു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹമാസ് പ്രതിനിധികള്‍ യോഗം ചേര്‍ന്നിരുന്ന ദോഹയിലെ പാര്‍പ്പിട സമുച്ചയത്തിന് നേരെയാണ് ആക്രമണം നടന്നത്. അന്ന് അഞ്ച് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഖത്തറും യു.എന്നും അപലപിച്ച സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.

ഇറാന്‍ പ്രതിനിധികളെയും വധിക്കാന്‍ ഇസ്രഈല്‍ പദ്ധതിയിട്ടിരുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. അമേരിക്കയും ഇസ്രഈലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച ഏപ്രില്‍ എട്ടിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയുള്ള ആഴ്ചകളില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയെയും പാര്‍ലമെന്റ് സ്പീക്കറെയും വധിക്കാന്‍ ഇസ്രഈല്‍ ശ്രമിച്ചേക്കാമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പരോക്ഷമായി മുന്നറിയിപ്പ് നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫലസ്തീനിലെ ആദ്യ യു.എന്‍ മധ്യസ്ഥനായ സ്വീഡിഷ് നയതന്ത്രജ്ഞന്‍ കൗണ്ട് ഫോള്‍ക്കെ ബെര്‍ണഡോട്ടിനെ 1948 സെപ്റ്റംബര്‍ 17ന് ജറുസലേമില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു. യു.എന്‍ ചരിത്രത്തിലെ ആദ്യ ഔദ്യോഗിക മധ്യസ്ഥനായി ചുമതലയേറ്റ് നാല് മാസത്തിനുശേഷമായിരുന്നു സംഭവം.

ഗസയിലെ വെടിനിര്‍ത്തല്‍, ബന്ദികളുടെ മോചനം എന്നിവ സംബന്ധിച്ച ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്ന ഇസ്മായില്‍ ഹനിയ്യ 2024 ജൂലൈയില്‍ ടെഹ്‌റാനില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. 2024 ഡിസംബര്‍ 23ന് ഹനിയ്യയുടെ വധത്തില്‍ ഇസ്രഈലിന്റെ പങ്ക് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പരസ്യമായി സമ്മതിച്ചിരുന്നു.

2012 നവംബറില്‍ ഹമാസിന്റെ സായുധ വിഭാഗം തലവനായിരുന്ന അഹമ്മദ് ജബാരിയെയും ഇസ്രയേല്‍ വധിച്ചിരുന്നു.

Content Highlight: Israel fears that the UN resolution to protect mediators would limit its ability to kill  negotiators.

We use cookies to give you the best possible experience. Learn more