| Tuesday, 23rd December 2025, 8:32 pm

അൽ ജസീറയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ട് വർഷത്തേക്ക് കൂടി നീട്ടി ഇസ്രഈൽ

ശ്രീലക്ഷ്മി എ.വി.

ടെൽഅവീവ്: അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ട് വർഷത്തേക്ക് കൂടി നീട്ടി ഇസ്രഈൽ. 2027 വരെ വിലക്ക് നീട്ടാനാണ് തീരുമാനം.

ദേശീയ സുരക്ഷാ കാരണങ്ങളാൽ വിദേശ മാധ്യമങ്ങൾ അടച്ചുപൂട്ടാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

22 നിയമസഭാംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തെന്നും ഒമ്പത് ഫലസ്തീൻ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 10 പേർ ബില്ലിനെ എതിർത്തെന്നും റിപ്പോർട്ടുകളുണ്ട്.

2024 മെയ് മാസത്തിലാണ് വിദേശ മാധ്യമങ്ങൾ അടച്ചുപൂട്ടാനുള്ള നിയമം പാസാക്കിയത്. ആഴ്ചകൾക്ക് ശേഷം ഇസ്രഈലിലുള്ള അൽ ജസീറയുടെ പ്രവർത്തനങ്ങൾ നിർത്തലാക്കിയിരുന്നു.

പുതുക്കിയ നിയമനിർമാണ പ്രകാരം ഒരു മാധ്യമ സ്ഥാപനം അടച്ചുപൂട്ടാൻ കോടതിയുടെ അനുമതി ആവശ്യമില്ല. ഇസ്രഈൽ ഔദ്യോഗികമായി അടിയന്തരാവസ്ഥയിലല്ലാത്തപ്പോഴും ഈ നിയമം പ്രയോഗിക്കാൻ കഴിയുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2023 ഒക്ടോബറിൽ ഗസയ്‌ക്കെതിരായി ആരംഭിച്ച ഇസ്രഈലിന്റെ യുദ്ധത്തിനിടെയാണ് ഈ നിയമം കൊണ്ടുവന്നത്. 2024 മെയ് മാസത്തിൽ ഇസ്രഈലിലെ നെറ്റ്‌വർക്കിന്റെ പ്രവർത്തനങ്ങൾ നിർത്തലാക്കിയതിന് ശേഷം
ഈ നിയമം ‘അൽ ജസീറ നിയമ’മെന്നറിയപ്പെട്ടിരുന്നു.

പിന്നീട് ഈ നിയമമുപയോഗിച്ച് ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ ഓഫീസുകൾ അടച്ചുപൂട്ടുകയും സംപ്രേഷണങ്ങൾ തടയുകയും ചെയ്തിരുന്നു.

അൽ ജസീറ ഇസ്രഈലിന്റെ സുരക്ഷയ്ക്ക് ഹാനിവരുത്തുകയും ഒക്ടോബർ ഏഴിന് നടന്ന കൂട്ടക്കൊലയിൽ സജീവമായി പങ്കെടുക്കുകയും ഇസ്രഈലി സൈനികർക്കെതിരെ പ്രകോപനം സൃഷ്ട്ടിച്ചെന്നും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 2024 ഏപ്രിൽ ഒന്നിന് എക്സിൽ പോസ്റ്റ് ചെയ്തിരുന്നെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഗസയിലെ ഇസ്രഈലിന്റെ സൈനിക നീക്കങ്ങളെ ശക്തമായി വിമർശിക്കുന്ന അൽ ജസീറ, ഇസ്രഈൽ വിരുദ്ധ പക്ഷപാതം കാണിക്കുകയും ഹമാസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഇസ്രഈൽ ആരോപിച്ചിരുന്നു.

ആരോപണങ്ങൾ നിഷേധിച്ച അൽ ജസീറ ഇസ്രഈലിന്റെ നടപടികളെ അപലപിച്ചിരുന്നു. ഇത് ക്രിമിനൽ പ്രവൃത്തിയാണെന്നും പത്രസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നും അൽ ജസീറ പറഞ്ഞിരുന്നു.

‘ആവിഷ്കാര സ്വാതന്ത്ര്യം, വിവരാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നിവയെ ലംഘിക്കുന്ന ഉത്തരവാണിത്. ഇസ്രഈലുമായി പൊരുത്തപ്പെടാത്തതോ ഇസ്രഈലി മാധ്യമ ചാനലുകളിൽ സംപ്രേഷണം ചെയ്യാത്തതോ ആയ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിന്ന് ഈ നിയമം തടയുന്നു,’ അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രഈലി (ACRI) കഴിഞ്ഞ വർഷം പറഞ്ഞു.

Content Highlight: Israel extends ban on Al Jazeera for two more years

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more