വാഷിങ്ടണ്‍: വരാനിരിക്കുന്ന ഇസ്രഈല്‍ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
നെതന്യാഹുവിന് ഒരവസരം കൂടി നല്‍കണമെന്ന ആവശ്യത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ ട്രംപ് വിസമ്മതിക്കുകയായിരുന്നു. ഒക്ടോബര്‍ 27ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് വീണ്ടും ഒരവസരം കൂടി നല്‍കണമോ എന്ന ചോദ്യത്തിന്, താന്‍ ഇത്തരം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ടൈം് മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.
വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ‘ഇല്ല ഇസ്രഈലിന്റെ പ്രതിരോധിക്കുക എന്നത് മാത്രമാണ് എന്റെ പ്രധാന ലക്ഷ്യം,’ എന്നും ട്രംപ് പറഞ്ഞു. താന്‍ മുമ്പ് കൈക്കൊണ്ട നയങ്ങള്‍ കാരണം ഇസ്രഈലീ ജനങ്ങള്‍ക്കിടയില്‍ തനിക്ക് 99 ശതമാനത്തോളം ജനപ്രീതിയുണ്ടെന്നും യു.എസ് പ്രസിഡന്റ് അവകാശപ്പെട്ടു.
ഇസ്രഈലി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയും മുന്‍ സൈനിക മേധാവിയുമായ ഗാഡി ഐസന്‍കോട്ടിനെക്കുറിച്ച് മോശമായ അഭിപ്രായങ്ങളൊന്നും കേട്ടിട്ടില്ലെന്ന് പറഞ്ഞ ട്രംപ്, നെതന്യാഹുവിനെ ആരും കുറച്ചുകാണരുതെന്നും മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരായ സൈനിക നടപടിയിലും ഗസ, ലെബനന്‍ അതിര്‍ത്തികളിലെ സൈനിക നീക്കങ്ങളിലും ഇരുനേതാക്കളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് മുന്നോടിയായി നെതന്യാഹുവിന് രഹസ്യാന്വേഷണ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നുവെന്ന വാദങ്ങളെ ട്രംപ് തള്ളി. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ നെതന്യാഹു തീര്‍ച്ചയായും സേനയെ ജാഗരൂകരാക്കി തടയാന്‍ നടപടിയെടുക്കുമായിരുന്നു എന്നാണ് തന്റെ വിശ്വാസമെന്ന് ട്രംപ് പറഞ്ഞു.
Content Highlight: Israel Election: Has Trump abandoned Netanyahu? Revelation suggests the sole focus is Israel’s defense.