| Thursday, 3rd September 2026, 9:07 am

ലോകം നോക്കിനില്‍ക്കെ ഫലസ്തീനികളെ ആട്ടിയോടിച്ച് ഇസ്രഈല്‍: 2023 മുതല്‍ ഇസ്രഈല്‍ ഇല്ലാതാക്കിയത് 66 ഫലസ്തീന്‍ ഗ്രാമങ്ങള്‍: മനുഷ്യാവകാശ സംഘടന

നിഷാന. വി.വി

ടെല്‍അവീവ്:  വെസ്റ്റ് ബാങ്കിന്റെ തെക്കന്‍ മേഖലയിലുള്ള ഖിര്‍ബത്ത്- അല്‍ തബാന്‍ എന്ന ഗ്രാമത്തിലെ ഫലസ്തീനികളെ ഇസ്രഈല്‍ സൈന്യം ബലമായി ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ 2023 ന് ശേഷം ജനങ്ങളെ പൂര്‍ണമായി കുടിയൊഴിപ്പിച്ച 66ാമത്തെ ഫലസ്തീന്‍ ഗ്രാമമായി ഇത് മാറിയതായി ഇസ്രഈലി മനുഷ്യാവകാശ സംഘടനയായ ബിസെലം വ്യക്തമാക്കി.

ഹെബ്രോണിന് തെക്കുള്ള ഈ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെ റെയ്ഡ് നടത്തിയ ഇസ്രഈല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവിടെയുള്ള എല്ലാ വീടുകളും തകര്‍ത്തതായി  പ്രസ്താവനയില്‍ പറഞ്ഞു. 28 കുട്ടികള്‍ ഉള്‍പ്പെടെ 70 ഓളം ആളുകള്‍ വസിക്കുന്ന 12 കുടുംബങ്ങളാണ് ഖിര്‍ബത്ത് അല്‍-തബാനില്‍ ഉണ്ടായിരുന്നത്.

‘സൈന്യം ഒരൊറ്റ വീട് പോലും ബാക്കിവെച്ചില്ല, കൂടാതെ ആടുകളെ വളര്‍ത്തുന്ന ഫാമുകള്‍, ജലസം സംഭരണികള്‍, മറ്റ് സംഭരണശാലകള്‍ എന്നിവയും ഇസ്രഈല്‍ സൈന്യം തകര്‍ക്കുകയും പ്രദേശത്തെ ഗുഹകള്‍ നശിപ്പിക്കുകയും ചെയ്തു,’ പ്രസ്താവനയില്‍ പറയുന്നു.

ആളുകളെ പൂര്‍ണമായി കുടിയൊഴിപ്പിച്ച 66ാമത്തെ ഗ്രാമമാണ് ഇതെന്നും മറ്റ് 18 ഗ്രാമങ്ങളിലെ നിവാസികളെ ഭാഗികമായി കുടിയൊഴിപ്പിച്ചിട്ടുണ്ടെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. ഇത് വഴി ഏകദേശം 2,339 കുട്ടികളും കൗമാരക്കാരും ഉള്‍പ്പെടെ ആകെ 4,931 ഫലസ്തീനികള്‍ സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു.

‘വെസ്റ്റ് ബാങ്കില്‍ നടത്തുന്ന വംശീയ ഉന്മൂലനത്തിന്റെ ഭാഗമായി ഇസ്രഈല്‍ ഫലസ്തീന്‍ സമൂഹങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്,’ ബിസെലെം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യൂലി നോവാക് പറഞ്ഞു. ഫലസ്തീന്‍ ജീവനുകള്‍ ഇസ്രഈലിന്റെ അക്രമങ്ങള്‍ക്ക് മുന്നില്‍ ഇരയാക്കപ്പെടുമ്പോള്‍ അന്താരാഷ്ട്ര സമൂഹം നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയാണെന്നും നോവാക് കുറ്റപ്പെടുത്തി.

കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിലുടനീളമുള്ള ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കലും കുടിയേറ്റക്കാരുടെ ആക്രമണങ്ങളും, അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണവും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഖിര്‍ബത്ത് അല്‍-തബാന്റെ തകര്‍ക്കല്‍.

ജൂലൈ മാസത്തില്‍ മാത്രം വെസ്റ്റ് ബാങ്കിലെ ഏകദേശം 8,31,000 ചതുരശ്ര മീറ്റര്‍ ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാന്‍ ഇസ്രഈല്‍ അധികൃതര്‍ 31 ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ഫലസ്തീന്‍ കോളനൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

കൂടാതെ ഫലസ്തീനികള്‍ക്കും അവരുടെ ഭൂമിക്കും സ്വത്തുക്കള്‍ക്കും എതിരെ ഇസ്രഈല്‍ സൈന്യവും കുടിയേറ്റക്കാരും ചേര്‍ന്ന് 2,256 അക്രമങ്ങളാണ് നടത്തിയത് (1,458 എണ്ണം സൈന്യവും 798 എണ്ണം കുടിയേറ്റക്കാരും).

2023 ഒക്ടോബര്‍ 8ന് ഗസയില്‍ ഇസ്രഈല്‍ വംശഹത്യ ആരംഭിച്ചതുമുതല്‍, കൊലപാതകങ്ങള്‍, അറസ്റ്റുകള്‍, നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകള്‍, വീട് തകര്‍ക്കല്‍, അനധികൃത കുടിയേറ്റ വികാസം എന്നിവയിലൂടെ കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സേനയും കുടിയേറ്റക്കാരും ആക്രമണങ്ങള്‍ അതിശക്തമാക്കിയിരിക്കുകയാണ്.

Content Highlight: Israel drives out Palestinians as the world watches; 66 Palestinian villages wiped out by Israel since 2023: Human rights organization.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more