| Tuesday, 3rd June 2025, 2:53 pm

വടക്കൻ ഗസയിലെ അവസാന ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്രഈൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: വടക്കൻ ഗസയിലെ അവസാന ഡയാലിസിസ് കേന്ദ്രം ഇസ്രഈൽ സൈന്യം തകർത്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. ഇതോടെ വൃക്ക സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്കുള്ള ഏക ആശ്രയം ഇല്ലാതായിരിക്കുകയാണ്.

എൻക്ലേവിന്റെ വടക്ക് ഭാഗത്തുള്ള നൂറ അൽ-കാബി കിഡ്‌നി ഡയാലിസിസ് സെന്ററിന് നേരെയാണ് ഇസ്രഈൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നു. വടക്കൻ ഗസയിലെ വൃക്ക രോഗികൾക്ക് ഡയാലിസിസ് സേവനങ്ങൾ നൽകുന്ന അവസാന ആരോഗ്യസേവന കേന്ദ്രമായിരുന്നു ഇത്.

ആരോഗ്യ കേന്ദ്രം തകർക്കപ്പെടുന്നത് ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും.

ആരോഗ്യ കേന്ദ്രത്തിന്റെ നാശം വൃക്കരോഗികളുടെ ആരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്നുവെന്നും അതിന്റെ അനന്തരഫലങ്ങൾ പ്രവചനാതീതമാണെന്നും ഗസ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഗസയിലെ വൃക്ക സംബന്ധമായ അസുഖങ്ങൾ ബാധിച്ച രോഗികളിൽ 41 ശതമാനം പേരും ഇസ്രഈലിന്റെ ആക്രമണത്തിനിടെ മരണപ്പെട്ടുവെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. മിക്ക മരണങ്ങളും സംഭവിച്ചത് ആരോഗ്യകേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിലാണെന്നും മിഡിൽ ഈസ്റ്റ് ഐ പറയുന്നു.

ഇപ്പോൾ തകർക്കപ്പെട്ട ഡയാലിസിസ് കേന്ദ്രം ഇസ്രഈൽ സൈന്യം മുമ്പും ലക്ഷ്യമിട്ടിരുന്നെന്നും എട്ട് ഡയാലിസിസ് മെഷീനുകൾ മാത്രമേ അവിടെ പ്രവർത്തനക്ഷമമായി ഉണ്ടായിരുന്നുള്ളുവെന്നും ഗസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ അവസാനത്തെ എട്ട് മിഷനുകളും പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.

ഗസയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് നേരെയുള്ള ഇസ്രഈലിന്റെ തുടർച്ചയായ ആക്രമണങ്ങളിൽ ഏറ്റവും പുതുതായി ആക്രമിക്കപ്പെട്ട ആരോഗ്യ കേന്ദ്രമാണിത്. ഇത് മൂലം ഗസയിലെ ജനങ്ങൾ നേരിടുന്ന മാനുഷിക പ്രതിസന്ധി അതീവ ഗുരുതരമായ തലത്തിൽ എത്തിയെന്ന് ഐക്യരാഷ്ട്രസഭയും പറഞ്ഞു.

മെഡിക്കൽ സൗകര്യങ്ങൾ ലക്ഷ്യമിടുന്നതിനൊപ്പം, ഗസയിലെ 2.2 ദശലക്ഷത്തിലധികം വരുന്ന ജനസംഖ്യയുടെ 100 ശതമാനത്തെയും ഇസ്രഈൽ പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും യു.എൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിന്റെ വക്താവ് ജെൻസ് ലാർക്ക് പറഞ്ഞു.

‘ഗസയിലേക്ക് എത്തുന്ന പരിമിതമായ എണ്ണം ട്രക്ക് ലോഡുകൾ അവിടെയുള്ള ജനങ്ങൾക്ക് ഒന്നുമാകില്ല. ഞങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങൾ അവർ തടയുന്നു. സഹായങ്ങൾക്കും അവശ്യവസ്തുക്കൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം മൂലം പ്രത്യേക ജീവൻ രക്ഷാ മരുന്നുകൾ, പോഷകാഹാരം, ആരോഗ്യ സേവനങ്ങൾ എന്നിവ ആവശ്യമുള്ള വൃക്ക രോഗികൾ ഉൾപ്പെടെയുള്ള ഫലസ്തീനികൾ ദുരിതത്തിലാണ്,’ ലാർക്ക് പറഞ്ഞു.

Content Highlight: Israel destroys north Gaza’s sole kidney dialysis facility

We use cookies to give you the best possible experience. Learn more