| Sunday, 15th June 2025, 7:49 am

ഇറാനിലെ എണ്ണ സംഭരണ കേന്ദ്രം തകര്‍ത്ത് ഇസ്രഈല്‍; തിരിച്ചടിച്ച് ഇറാനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണം രൂക്ഷമായതോടെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യയും അമേരിക്കയും ആവശ്യപ്പെട്ടു.

ഇറാനിലെ തെക്കന്‍ ബുഷഹേര്‍ പ്രവിശ്യയിലെ സൗത്ത് പര്‍സ്, ഫജര്‍ ജാം എണ്ണപ്പാടങ്ങള്‍ക്ക് നേരെയാണ് ഇസ്രഈല്‍ ആക്രമണമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീല്‍ഡിലൊന്നാണ് പര്‍സിലേത്.

എണ്ണ സംഭരണ കേന്ദ്രം ഇസ്രഈല്‍ തകര്‍ത്ത വിവരം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഷഹ്‌റാനിലെ എണ്ണ സംഭരണ കേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇസ്രഈല്‍ നഗരങ്ങളായ ഹൈഫയിലടക്കം ഇറാന്‍ ആക്രമണം ശക്തമാക്കിയതിന്റെ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഹൈഫയിലെ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.

ടെല്‍ അവീവിലും ജെറുസലേമിലും സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ആക്രമണങ്ങളെത്തുടര്‍ന്ന് ടെല്‍ അവീവിലെ കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ടെല്‍ അവീവില്‍ റോക്കറ്റുകള്‍ പതിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇസ്രഈലി പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കില്ല.

ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രൂരവും വ്യാപകവുമായി തുടരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. മധ്യ ഇസ്രഈലില്‍ ഇറാന്റെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 166 പേര്‍ക്ക് പരിക്കേറ്റതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇസ്രഈലിന്റെ ആക്രമണത്തില്‍ ഇറാനില്‍ 78 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ കൂടുതല്‍ പേരും സാധാരണക്കാണ്. ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രഈലികളുടെ എണ്ണം ഏഴായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനെതിരായ ആക്രമണം തുടരുമെന്ന്‌ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്‌. ഇറാനിലെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്നാണ് എക്സ് വഴി പുറത്ത് വിട്ട വീഡിയോ വഴി നെതന്യാഹു വ്യക്തമാക്കിയത്. ഇറാന്റ ബാലിസ്റ്റിക് മിസൈല്‍ ഉത്പാദന കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്.

‘സമീപ ഭാവിയില്‍, ടെഹ്‌റാനിലെ ആകാശത്തിന് മുകളിലൂടെ ഇസ്രഈല്‍ വ്യോമസേന വിമാനങ്ങള്‍ നിങ്ങള്‍ കാണും. അയത്തുള്ള ഭരണകൂടത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഞങ്ങള്‍ ആക്രമണം നടത്തും,’ നെതന്യാഹു പറഞ്ഞു. ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയും പങ്ക്‌ ചേരണമെന്നും ഇസ്രഈല്‍ ആവശ്യപ്പെട്ടിട്ടിണ്ട്.

അതേമയം ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Israel destroys Iranian oil storage facility; Iran retaliates

Latest Stories

We use cookies to give you the best possible experience. Learn more