ജെറുസലേം: ഇസ്രഈല്‍ കസ്റ്റഡിയിലെടുത്ത ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ 137 ആക്ടിവിസ്റ്റുകളെ നാടുകടത്തി. ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലേക്കാണ് ആക്ടിവിസ്റ്റുകളെ മടക്കി അയച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കിയിലേക്കുള്ള യാത്രയിലാണ് ആക്ടിവിസ്റ്റുകളെന്ന് തുര്‍ക്കി സ്ഥിരീകരിച്ചിട്ടുണ്ട്. 36 തുര്‍ക്കി പൗരന്മാരും 26 ഇറ്റാലിയന്‍ പൗരന്മാരും നാടുകടത്തിയവരില്‍ ഉള്‍പ്പെടുന്നു.
യു.എസ്, യു.കെ, ഇറ്റലി, ജോര്‍ദാന്‍, കുവൈറ്റ്, ലിബിയ, അല്‍ജീരിയ, മൗറിറ്റാനിയ, മലേഷ്യ, ബഹ്‌റൈന്‍, മൊറോക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളെയാണ് തുര്‍ക്കിയിലേക്ക് നാടുകടത്തിയതെന്ന് ഇസ്രഈലി മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞദിവസം ഇറ്റാലിയന്‍ പൗരന്മാരായ നാല് ആക്ടിവിസ്റ്റുകളെ ഇസ്രഈല്‍ നാടുകടത്തിയിരുന്നു.
ഗസയിലേക്ക് മാനുഷിക സഹായങ്ങളുമായി 44 രാജ്യങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളുമായി എത്തിയ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയെ ഗസയിലേക്ക് 70 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ എത്തിയപ്പോഴാണ് ഇസ്രഈല്‍ സൈന്യം തടഞ്ഞത്.
ഫ്‌ളോട്ടില്ല ഗ്രൂപ്പിലെ 470ലേറെ യാത്രക്കാരെ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗ്രെറ്റ തെന്‍ബര്‍ഗ് അടക്കമുള്ള ആക്ടിവിസ്റ്റുകളെയാണ് ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ഫ്‌ളോട്ടില്ലയിലെ യാത്രക്കാരില്‍ പലരും നിരാഹാര സമരം ആരംഭിച്ചിരുന്നു.
ഗസയ്‌ക്കെതിരെ ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ നിയമവിരുദ്ധമായ ഉപരോധം അവസാനിപ്പിക്കുക, മാനുഷിക സഹായം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്നും സുമുദ് ഫ്‌ളോട്ടില്ല യാത്ര ആരംഭിച്ചത്.
ഗ്രീസിന്റെയും ടുണീഷ്യയുടെയും അതിര്‍ത്തിയില്‍ വെച്ച് ഇസ്രഈല്‍ ഫ്‌ളോട്ടില്ലയിലെ ബോട്ടുകളെ ആക്രമിച്ചിരുന്നു.
Content Highlight: Israel deports 137 activists from Global Sumud flotilla