ഗസസിറ്റി: ഗസയിലെ കുട്ടികളെ ഇസ്രഈല്‍ കൊലപ്പെടുത്തുന്നത് ഒരു പതിവ് കാര്യമെന്നത് പോലെ തുടരുകയാണെന്ന് ഇസ്രഈലി പത്രമായ ഹആരെറ്റ്‌സ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം മാത്രം 274 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഭൂരിപക്ഷം കുട്ടികളും കൊല്ലപ്പെടുന്നത് ഇസ്രഈലി വ്യോമാക്രമണത്തിലാണെന്നും ഹആരറ്റ്‌സ് പത്രത്തിലെ ഒരു ലേഖനത്തില്‍ പറയുന്നതായി അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വ്യോമാക്രമണങ്ങള്‍ക്ക് പുറമെ വെടിവെയ്പിലും തകര്‍ന്നുവീഴുന്ന കെട്ടിടങ്ങള്‍ക്കടിയില്‍പെട്ടും കുട്ടികള്‍ കൊലപ്പെടുന്നു. സ്‌ഫോടന സമയത്ത് തെറിച്ച് വീഴുന്ന മൂര്‍ച്ചയുള്ള വസ്തുക്കള്‍ ശരീരത്തില്‍ തുളഞ്ഞു കയറിയും കുട്ടികള്‍ ഗസയില്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗസയില്‍ മുറിവേല്‍ക്കുകയോ പരിക്ക് പറ്റുകയോ ചെയ്ത കുട്ടികള്‍ മതിയായ ചികിത്സാ സൗകര്യമിസല്ലാത്തതിനാല്‍ മരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിണി കാരണവും രോഗബാധയെത്തുടര്‍ന്നും ഗസയില്‍ കുട്ടികള്‍ മരിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണക്കണക്കുകളില്‍ ഇവ ഉള്‍പ്പെടാറില്ലെന്ന് ഹആരറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു.
കുട്ടികള്‍ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിന് കാരണം ഗസയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ തകര്‍ന്ന അവസ്ഥയിലായതിനാലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഗസയില്‍ ആശുപത്രികള്‍ക്ക് നേര്‍ക്ക് തുടര്‍ച്ചയായി വ്യോമാക്രണങ്ങളുണ്ടാവാറുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം വിവിധ മെഡിക്കല്‍ അസോസിയേഷനുകള്‍ ഒരു സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 94 ശതമാനം ആശുപത്രികളും പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടു. ഗസയിലെ ധാരാളം ആശുപത്രികള്‍ പ്രവര്‍ത്തന ക്ഷമമല്ല. നൂറുകണക്കിന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നും ആ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാവുന്നതിനെക്കുറിച്ചും ഹാരറ്റ്‌സ് ചൂണ്ടിക്കാണിക്കുന്നതായി അനഡോളു ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകള്‍ തകര്‍ന്നിരിക്കുന്നതിനാല്‍ 17 ലക്ഷതത്തോളം പേര്‍ നിലവില്‍ ടെന്റുകളില്‍ വൈദ്യുതിയോ ജലവിതരണ സൗകര്യങ്ങളോ മതിയായ ശുചിത്വ സംവിധാനങ്ങളോ ഇല്ലാതെ കഴിയുകയാണ്. എലികളുടെയും കൊതുകകളുടെയും ശല്യം വ്യാപകമാണ്. പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യവും ഗസയില്‍ നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2023 ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രഈലി ആക്രമണങ്ങളില്‍ 21,000ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ആകെ 73,250 പേര്‍ ഇക്കാലയളവില്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം 1127 പേര്‍ കൊല്ലപ്പെട്ടതായാണ് ഗസ ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട കണക്ക്.
Content highlights: Israel continues killing Gaza children as ‘matter of routine’: Report