| Thursday, 27th November 2025, 9:04 pm

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗസയിൽ ഇസ്രഈൽ വംശഹത്യ തുടരുന്നു: ആംനസ്റ്റി ഇന്റർനാഷണൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രഈലി ബന്ദികളെ മോചിപ്പിച്ചിട്ടും ഫലസ്തീനിൽ ഇസ്രഈൽ വംശഹത്യ തുടരുന്നെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്. എന്നും പുതിയ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും ഇസ്രഈലിന്റെ ഉദ്ദേശം ഒരു മാറ്റവുമില്ലാതെ തുടരുന്നുണ്ടെന്നും ആംനസ്റ്റി റിപ്പോർട്ട് ചെയ്തു.

ഫലസ്തീനികളുടെ മേൽ വംശഹത്യയിലൂടെ ഇസ്രഈൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയെന്നും കുറ്റകൃത്യങ്ങളുടെ ആഘാതം മാറ്റാനായി ഇസ്രഈൽ ഒരു നടപടികളും സ്വീകരിക്കുന്നതായി സൂചനയില്ലെന്നും ആംനസ്റ്റിയുടെ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലാമർഡ് വ്യക്തമാക്കി.

ഇസ്രഈൽ അവരുടെ ക്രൂരമായ നയങ്ങൾ തുടരുകയും സുപ്രധാന മാനുഷിക സഹായങ്ങളും അവശ്യ സേവനങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകം വഞ്ചിക്കപ്പെടരുതെന്നും ആക്രമണങ്ങളുടെ തോതിൽ കുറവുകളുണ്ടായിട്ടുണ്ടെന്നും ഇസ്രഈലിന്റെ വംശഹത്യ അവസാനിച്ചിട്ടില്ലെന്നും ആഗ്നസ് കല്ലാമർഡ് കൂട്ടിച്ചേർത്തു.

‘ഇസ്രഈൽ അവരുടെ ആക്രമണങ്ങളുടെ തോത് കുറച്ചിട്ടുണ്ട്. ഗസയിലേക്ക് പരിമിതമായ അളവിൽ മാനുഷിക സഹായം അനുവദിക്കുന്നുണ്ട്. എന്നാൽ ഗസയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന തെറ്റായ ധാരണയാണ് ഈ വെടിനിർത്തൽ കരാറുണ്ടാക്കുന്നത്. ലോകം വഞ്ചിക്കപ്പെടരുത്. ഇസ്രഈലിന്റെ വംശഹത്യ അവസാനിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

നേരത്തെ ഗസയിലെ പുനർനിർമാണത്തിന് 70 ബില്യൺ ഡോളർ ചെലവ് വരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രഈൽ അധിനിവേശം ഫലസ്തീന്റെ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും നിലനിൽപിന് തന്നെ ഭീഷണിയായെന്നും ഉടനടി അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണമെന്നും യു.എൻ പറഞ്ഞിരുന്നു.

യുദ്ധവും നിയന്ത്രണങ്ങളും ഫലസ്തീൻ സമ്പദ് വ്യവസ്ഥയുടെ തകർച്ചക്ക് കാരണമായിട്ടുണ്ടെന്നും ഭക്ഷണം മുതൽ പാർപ്പിടം വരെയുള്ള എല്ലാ നിലനിൽപിനെയും യുദ്ധത്തിൽ തകർത്തെന്നും 2.3 ദശലക്ഷം വരുന്ന ജനങ്ങൾ തീവ്രമായ ദാരിദ്ര്യം നേരിടുന്നുണ്ടെന്നും യു.എൻ കൂട്ടിച്ചേർത്തു.

Content Highlight: Israel continues genocide in Gaza despite ceasefire announcement: Amnesty International

We use cookies to give you the best possible experience. Learn more