ടെല്‍ അവീവ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യ തന്നെയെന്ന് മുന്‍ ഇസ്രഈല്‍ അറ്റോര്‍ണി ജനറല്‍ മൈക്കല്‍ ബെന്‍ യെര്‍. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വംശഹത്യയിലൂടെ കടന്നുപോയ ജൂതന്മാര്‍ ഇപ്പോള്‍ ഗസയില്‍ വംശഹത്യ നടത്തുകയാണെന്ന് ബെന്‍ യെര്‍ പറഞ്ഞു.
ഇസ്രഈല്‍ നടപടികള്‍ ലജ്ജയും കോപവും ദുഖവും ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗസയിലെ ഇസ്രഈലിന്റെ നടപടികള്‍ വംശഹത്യയാണെന്ന് രണ്ട് പ്രമുഖ ഇസ്രഈലി മനുഷ്യാവകാശ സംഘടനകളായ ബി’സെലെമിനെയും ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്-ഇസ്രഈല്‍ (പി.എച്ച്.ആര്‍.ഐ)യും പ്രഖ്യാപിച്ചിരുന്നു.
ഇത് സംബന്ധിച്ച ഹാരെറ്റ്സിന്റെ വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനടകളായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള ഇതിന് മുമ്പ് ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഇസ്രഈലി ഓര്‍ഗനൈസേഷന്‍ ഗസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് പറയുന്നത്.
ഗസയിലെ ജനങ്ങളെ നശിപ്പിക്കാനും ഫലസ്തീന്‍ സമൂഹത്തെ അവരുടെ ഭൂമിയില്‍ തുടരാന്‍ കഴിയാത്ത വിധം മോശമായ ജീവിത സാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള വ്യക്തമായ ശ്രമമാണ് വംശഹത്യയുടെ കൃത്യമായ നിര്‍വചനം എന്നാണ് ബിറ്റ്‌സെലം പറഞ്ഞത്.
ഗസയിലെ ഇസ്രഈലിന്റെ നയങ്ങളും ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് മുതിര്‍ന്ന ഇസ്രഈലി രാഷ്ട്രീയക്കാരും സൈനിക കമാന്‍ഡര്‍മാരും നടത്തിയ പ്രസ്താവനകളും ബിറ്റ്‌സെലം അവരുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതാദ്യമായല്ല ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ഗസയിലെ വംശഹത്യയെ അപലപിക്കുന്നത്. ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശീയ ഉന്മൂലനമെന്ന് മുന്‍ ഇസ്രഈല്‍ പ്രതിരോധമന്ത്രിയും ഐ.ഡി.എഫ് സ്റ്റാഫ് മേധാവിയുമായ മോഷെ യാലോണ്‍ പറഞ്ഞിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിനെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇസ്രഈലിലെ ജനങ്ങള്‍ വലിച്ചിഴക്കപ്പെടുന്നത് ഗസയിലെ വംശീയ ഉന്മൂലനത്തിലേക്കും അധിനിവേശത്തിലേക്കുമാണെന്ന് പറഞ്ഞ മോഷേ യലോണ്‍ നിലവിലെ ഇസ്രഈലിന്റെ സ്ഥിതിക്ക് കാരണക്കാരന്‍ നെതന്യാഹുവാണെന്നും ആരോപിച്ചിരുന്നു.
Content Highlight: Israel committing genocide in Gaza says Former Israeli attorney general