കെയ്‌റോ: ഫലസ്തീനിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുമെന്നതിന് വിശ്വസനീയമായ അന്താരാഷ്ട്ര ഉറപ്പുകൾ വേണമെന്ന് ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ ചർച്ച പ്രതിനിധി സംഘം മേധാവി ഖലീൽ അൽ ഹയ്യ. വംശഹത്യ അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇസ്രഈൽ ആക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്തിലെ ചെങ്കടൽ റിസോർട്ടായ ഷാം എൽ ഷെയ്ഖിൽ നടക്കുന്ന ചർച്ചയ്ക്കിടെ ഈജിപ്ഷ്യൻ ചാനലായ അൽ ഖഹേര അൽ ഇഖ്‌ബാരിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഖലീൽ ഇക്കാര്യം പറഞ്ഞത്.
യുദ്ധം അവസാനിപ്പിച്ച് ഇസ്രഈൽ പിന്മാറുക, ബന്ദികളുടെ കൈമാറ്റം എന്നീ ലക്ഷ്യത്തോടെയാണ് ഹമാസ് ഈജിപ്തിലേക്ക് വന്നതെന്നും ഖലീൽ അൽ ഹയ്യ പറഞ്ഞു. എന്നാൽ ഇസ്രഈലിനെ ഒരു നിമിഷം പോലും വിശ്വസിക്കാൻ കഴിയില്ലെന്നും അധിനിവേശം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം അവസാനിപ്പിക്കുന്നതിനും ഭരണകൂടത്തിന്റെ പ്രതിബദ്ധതയ്ക്കും വിശ്വസ്തമായ അന്താരാഷ്ട്ര ഉറപ്പുകൾ നൽകണമെന്ന് അൽ ഹയ്യ പറഞ്ഞു.
ചരിത്രത്തിലുടനീളം ഇസ്രഈൽ അധിനിവേശ വാഗ്‌ദാനങ്ങൾ പാലിച്ചിട്ടില്ലെന്നും തങ്ങൾക്ക് അനുഭവമുണ്ടെന്നും അതിനാൽ അവരെ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച സമാധാനകരാറിന്റെ അടിസ്ഥാനത്തിൽ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനെ ഭാഗികമായി അംഗീകരിച്ചതായി ഹമാസ് അറിയിച്ചിരുന്നു. എന്നാൽ കൂടുതൽ കാര്യങ്ങളിൽ ചർച്ച വേണമെന്നും ഹമാസ് പറഞ്ഞിരുന്നു.
ഗസ ഇസ്രഈൽ യുദ്ധം രണ്ടു വർഷം പിന്നിടുമ്പോഴാണ് ഈജിപ്തിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇന്റലിജൻസുമായി ബന്ധപ്പെട്ട അൽ ഖഹേര ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ചർച്ചയുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ആശ്വാസകരമായ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതിയിലെ 20 ഇന നിർദേശങ്ങളിലാണ് ഇരു സംഘവും ചർച്ച നടത്തുന്നത്. ഹമാസ് പ്രതിനിധികളുമായും ഇസ്രഈൽ പ്രതിനിധികളുമായും വെവ്വേറെ ചർച്ചകളാണ് നടത്തുന്നത്.
Content Highlight: Israel cannot be trusted; international guarantees needed to end genocide: Hamas